കോട്ടയം: കോണ്ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരുടെ പ്രഖ്യാപനത്തില് ജില്ലയില് തര്ക്കം. ഇതോടെ സംസ്ഥാനതലത്തില് കെപിസിസി പുന: സംഘടനാ സമിതി അംഗീകരിച്ച പ്രസിഡന്റുമാരെ പ്രഖ്യാപിച്ചപ്പോള് കോട്ടയം ലിസ്റ്റ് പുറത്തുവിടാതെ കെപിസിസി മാറ്റിവച്ചു.
ഒമ്പതു നിയോജക മണ്ഡലങ്ങളിലായി 18 ബ്ലോക്ക് കമ്മിറ്റികളാണ് ജില്ലാ കോണ്ഗ്രസ് കമ്മിറ്റിക്കുള്ളത്. ഇതില് ചങ്ങനാശേരി ഈസ്റ്റ്, വെസ്റ്റ് ബ്ലോക്ക് കമ്മിറ്റികളിലെ പ്രസിഡന്റുമാരെ ചൊല്ലിയുള്ള തര്ക്കമാണ് ജില്ലയിലെ ലിസ്റ്റ് പുറത്തുവിടാന് കെപിസിസിയെ വിസമ്മതിച്ചത്.
വര്ഗീസ് ആന്റണി, ജോസഫ് തൃക്കൊടിത്താനം എന്നിവരുടെ പേരുകളാണ് ഇവിടെ സജീവമായിട്ടുണ്ടായിരുന്നത്. ഇപ്പോള് ഭാരവാഹികളായിരുന്ന മുഴുവന് ആളുകളെയും മാറ്റി പുതുമുഖങ്ങള്ക്കാണു പ്രാതിനിധ്യം നല്കിയിരിക്കുന്നത്.
ജില്ലയില് നിന്നുള്ള ലിസ്റ്റ് കെപിസിസി പുനഃസംഘടന സമിതി അംഗീകരിച്ചെങ്കിലും ജില്ലയില് നിന്നുള്ള ഒരു സംസ്ഥാന നേതാവ്, നേതൃത്വത്തിലെ ചിലരുമായി ചേര്ന്ന് നടത്തിയ നീക്കമാണ് പുനഃസംഘടനയില് കല്ലുകടിയായി മാറിയത്.
കോട്ടയം വെസ്റ്റ് ബ്ലോക്കില് യുവജന നേതാവും ജില്ലാ പഞ്ചായത്തംഗവുമായ പി.കെ. വൈശാഖിന്റെ പേരാണ് ലിസ്റ്റിലുള്ളത്. മുണ്ടക്കയം ബ്ലോക്ക് കമ്മിറ്റിയില് യുവജന നേതാവ് പ്രകാശ് പുളിക്കനും പാലായില് എ.എസ്. തോമസിന്റെ പേരും ലിസ്റ്റിലുണ്ട്.
പുതുപ്പള്ളിയില് കെ.ബി. ഗിരീഷനും അകലക്കുന്നത്ത് കെ.കെ. രാജുവും പ്രസിഡന്റുമാരാകും. കടുത്തുരുത്തിയില് ലൂക്കോസ് മാക്കീല്, ചെറിയാന് കെ. ജോസ് ഉഴവൂർ സഖറിയാസ് സേവ്യര്, ന്യൂജന്റ് ജോസഫ് എന്നിവരുടെ പേരുകളാണു പരിഗണനയിലുള്ളത്.
വൈക്കത്ത് വിവേക് പ്ലാത്താനവും തലയോലപ്പറമ്പില് എം.കെ. ഷിബുവിനുമാണ് സാധ്യത.ഏക വനിത പ്രസിഡന്റ് ഭരണങ്ങാനത്താണ്. മുന് ജില്ലാ പഞ്ചായത്തംഗം മോളി പീറ്ററാണ് ഇവിടെ ലിസ്റ്റിലുള്ളത്.
ഏറ്റുമാനൂര് ബ്ലോക്കില് ജോറോയി പൊന്നാറ്റിലും ആര്പ്പൂക്കരയില് റൂബി ചാക്കോയുമാണു കെപിസിസി ലിസ്റ്റിലുള്ളത്.എ ഗ്രൂപ്പും ഐ ഗ്രൂപ്പം പകുതി വീതം വച്ചിരുന്ന ബ്ലോക്ക് കമ്മിറ്റികളില് ഇപ്പോള് എ ഗ്രൂപ്പ് തന്നെ മൂന്നായി ജില്ലയില് മാറിയതും ഐ ഗ്രൂപ്പിലെ ഒരു വിഭാഗം ചേര്ന്നു പുതിയ ഗ്രൂപ്പു രൂപീകരിച്ചതുമാണു തകര്ക്കങ്ങള് ഉടലെടുക്കാന് കാരണം.
ഉമ്മന് ചാണ്ടിയുടെ നേതൃത്വത്തില് എ ഗ്രൂപ്പിന് കെ.സി. ജോസഫ്, ജോഷി ഫിലിപ്പ് എന്നിവര് നേതൃത്വം നല്കുന്നു. തിരുവഞ്ചൂര് രാധാകൃഷ്ണന്റെ നേതൃത്വത്തില് ഫില്സണ് മാത്യൂസ് എ ഗ്രൂപ്പിലെ പ്രമുഖരും ചേര്ന്ന് വി.ഡി. സതീശനെ അനുകൂലിക്കുമ്പോള് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷിന്റെ നേതൃത്വത്തിന് ഒരു വിഭാഗം കെപിസിസി പ്രസിഡന്റ് കെ. സുധാകരനൊപ്പമാണ്. ജോസി സെബാസ്റ്റ്യന്റെ നേതൃത്വത്തില് ഒരുവിഭാഗം കെ.സി. വേണുഗോപാലിനായും രംഗത്തുണ്ട്.