കോട്ടയം: കോണ്‍ഗ്രസിനുള്ളിലും പുറത്തും ഏവര്‍ക്കും പ്രിയങ്കരനായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ ഒന്നാം ചരമവാര്‍ഷികത്തിലും നേതാവിനു സ്മാരകമൊരുക്കാന്‍ കോണ്‍ഗ്രസിനു കഴിഞ്ഞില്ല. ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിക്കു പുതിയ മന്ദിരമുണ്ടാക്കാനുള്ള ആലോചന രണ്ടു മാസം മുന്‍പ് പരസ്യമായ ഭിന്നിപ്പിലാണു പിരിഞ്ഞത്.
ദേശീയ രാഷ്ട്രീയത്തിന്റെ മുന്‍നിരയിലേക്ക് ഉയര്‍ന്ന ഉമ്മന്‍ ചാണ്ടിയു ടെ പ്രതിമ കോട്ടയത്തോ പുതുപ്പള്ളിയിലോ സ്ഥാപിക്കണമെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ താത്പര്യപ്പെട്ടിരുന്നു. എ ഗ്രൂപ്പിന്റെ ശക്തികേന്ദ്രമായ കോട്ടയത്ത് ഇതേ ഗ്രൂപ്പില്‍തന്നെ മൂന്നു ചേരികളാണു നിലവിലുള്ളത്.
കുടുംബാംഗങ്ങള്‍ ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന് രൂപീകരിച്ചതിനോടും ചില നേതാക്കള്‍ക്കു കടുത്ത അതൃപ്തിയുണ്ടായിരുന്നു. ജനകീയ നേതാവിന് ഉചിതമായ സ്മാരകം പ്രാദേശിക തലത്തില്‍ സ്ഥാപിക്കാനുള്ള താത്പര്യം ബ്ലോക്ക്, നിയോജകമണ്ഡലം അനുസ്മരണയോഗങ്ങളിലും ഉയര്‍ന്നു.
ജില്ലയിലെ മുന്‍നിര പാര്‍ട്ടിയുടെ ജില്ലാ ഓഫീസ് ഇടതു പാര്‍ട്ടികളുടെ ഏരിയ കമ്മിറ്റി ഓഫീസുകളെക്കാള്‍ ചെറുതും പരിമിതികള്‍ നിറഞ്ഞതുമാണ്. അരനൂറ്റാണ്ട് പഴക്കമുള്ള നിലവിലെ ഓഫീസ് നിലനിറുത്തി നഗരത്തില്‍ ഉചിതമായ സ്ഥലത്ത് ബഹുനില മന്ദിരം പണിയണമെന്ന് ഏറെക്കാലമായി ആലോചനയുണ്ട്.
ജില്ലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നൂറു രൂപ വീതം സംഭാവന നല്‍കിയാല്‍പോലും ഉചിതമായ കെട്ടിടം പണിയാമെന്നാണു പ്രമുഖ നേതാവ് പ്രതികരിച്ചത്.