കോട്ടയം: ശ്വാന പ്രേമികളിൽ കൗതുകം നിറച്ചു കോട്ടയം കെന്നൽ ക്ലബിന്റെ ആഭിമുഖ്യത്തിൽ അഖിലേന്ത്യ ശ്വാനപ്രദർശനം. വിദേശ രാജ്യങ്ങളിൽ നിന്നടക്കം മുപ്പതിനത്തിൽപെട്ട 300 നായ്ക്കളാണ് നാഗന്പടം നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിനായി എത്തിയത്. 15,000 രൂപ മുതൽ മൂന്നു ലക്ഷം രൂപ വരെ വില വരുന്ന നായകൾ പ്രദർശനത്തിലുണ്ടായിരുന്നു. വെബ്് സൈറ്റുകളിലും സോഷ്യൽ മീഡിയകളിലും കണ്ടുമാത്രം പരിചിതമായ നായ്ക്കുട്ടികളെ നേരിട്ട് കാണുന്നതിന്റെ ത്രില്ലിലായിരുന്നു കാ ണികളിൽ ഏറെയും.
കുട്ടികളും യുവാക്കളും നായകൾക്കൊപ്പം സെൽഫിയെടുക്കാനും മൊബൈലിൽ ചിത്രം പകർത്താനുമായി മത്സരിച്ചു. ചില നായകൾ ഫോട്ടോയ്ക്ക് പോസ് ചെയ്യാനും മടിച്ചില്ല. കനത്ത ചൂടു കാരണം എസ് അടക്കമുള്ള സംവിധാനങ്ങളുള്ള കൂടുകളിലാണ് നായ്ക്കളെ പ്രദർശിപ്പിച്ചത്. ജപ്പാനിൽനിന്ന് എത്തിയ അക്കിറ്റ, ഇംഗ്ലണ്ടിൽ നിന്നുള്ള വിപ്പറ്റ്, ജർമനിയിൽ നിന്നെത്തിച്ച വിൻപിൻ, അഫ്ഗാനിൽ നിന്നെത്തിച്ച അഫ്ഗാൻ ഹൗണ്ട്, മഞ ്ഞുമലയിലൂടെ ചീറിപ്പായുന്ന സൈബീരിയൻ ഹസ്ക്കി തുടങ്ങി വിദേശയിനം നായ്ക്കളും ഇത്തവണത്തെ പ്രദർശനത്തിനെത്തിയിരുന്നു.
തായ്ലൻഡിൽ നിന്നെത്തിച്ച കുഞ്ഞൻ പോമറേനിയൻ, മിനിയെച്ചർ പിഞ്ചർ അടക്കമുള്ള ശ്വാനൻമാരടക്കമുള്ളവയായിരുന്നു പ്രദർശനത്തിലെ താരങ്ങൾ. എന്നാൽ ഇവയുടെ വില കേട്ടാൽ ഞെട്ടും. പിഞ്ചറിന് 75,000 രൂപയാണ് വിലയെങ്കിൽ തായ്ലൻഡ് സുന്ദരിക്കു വില മൂന്ന് ലക്ഷമാണ്. ഇതിന്റെ തന്നെ പഞ്ചാബിൽനിന്നു കൊണ്ടുവന്ന പോമറേനിയനു വില ഒരുലക്ഷമാണ്. ഇവയെ കൂടാതെ ഫ്രഞ്ച് ബുൾഡോഗ്, ബീഗിൾ, വൈമെറയ്നർ, ബോക്സർ, ബെൽജിയം ഷെപ്പേർഡ്, റോട്ട് വീലർ, ഡോബർമാൻ, ജെർമൻ ഷെപ്പേർഡ്, പഗ് എന്നിങ്ങനെ പോകുന്നു ശ്വാനൻമാർ. മത്സരത്തിനു മുന്നോടിയായി രാവിലെ ശ്വാനൻമാരുടെ അനുസരണശീല പ്രദർശനവും നടന്നു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പ്രദർശനം ഉദ്ഘാടനം ചെയ്തു. വൈകുന്നേരം നടന്ന സമാപനസമ്മേളനത്തിൽ വി.എൻ. വാസവൻ സമ്മാനദാനം നടത്തി.