കൊച്ചി: കോട്ടയം വഴിയുള്ള റെയിൽ പാതയിരട്ടിപ്പിക്കൽ ജോലികൾ 2020 മാർച്ചിനകം പൂർത്തീകരിക്കുമെന്നു കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിനു റെയിൽവേ ബോർഡ് ഉദ്യോഗസ്ഥരുടെ ഉറപ്പ്. കേരളത്തിലെ റെയിൽവേ വികസനം സംബന്ധിച്ച് റെയിൽവേ ഉദ്യോഗസ്ഥരും സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരുമായി നടത്തിയ അവലോകനയോഗത്തിലാണ് ഈ ഉറപ്പ്.
പാത ഇരട്ടിപ്പിക്കൽ ജോലികൾ നടക്കുന്ന കുറുപ്പന്തറ-ഏറ്റുമാനൂർ, ഏറ്റുമാനൂർ-കോട്ടയം സെക്ടറുകൾ 2018 മേയ് 31നകവും കോട്ടയം-ചിങ്ങവനം, ചിങ്ങവനം-ചങ്ങനാശേരി സെക്ടറുകൾ 2020 മാർച്ച് 31നകവും കമ്മീഷൻ ചെയ്യാമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ഭൂമി ഏറ്റെടുത്തു കിട്ടാത്തതാണു പ്രശ്നമായി ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നത്. 2018 ൽ കമ്മീഷൻ ചെയ്യുന്ന സെക്ടറിലെ 1.06 ഹെക്ടർ ഭൂമി മാർച്ച് 31 നു മുന്പായി കൈമാറുമെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ പറഞ്ഞു. ശേഷിക്കുന്ന ആറു ഹെക്ടറോളം ഭൂമി വേഗത്തിൽ കൈമാറാൻ നടപടി എടുക്കും.
നിലവിലുള്ളതും പുതിയതുമായ പദ്ധതികളുടെ ചെലവിൽ പകുതി സംസ്ഥാന സർക്കാർ വഹിക്കണമെന്ന റെയിൽവേ മന്ത്രാലയത്തിന്റെ നിർദേശം സംസ്ഥാനത്തിന്റെ സാന്പത്തിക സ്ഥിതിയിൽ ഉൾക്കൊള്ളാനാകുന്നതല്ലെന്നും അദ്ദേഹം കേന്ദ്രമന്ത്രിയുടെയും റെയിൽവേ ഉദ്യോഗസ്ഥരുടെയും ശ്രദ്ധയിൽപ്പെടുത്തി. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആലപ്പുഴ വഴിയുള്ള കായംകുളം-എറണാകുളം റെയിൽ പാതയിരട്ടിപ്പിക്കലിലും ശബരിപാതയിലും സംസ്ഥാന സർക്കാരിന്റെ പങ്കാളിത്തം ഉണ്ടാകണമെന്നാണു റെയിൽവേ ബോർഡ് ആവശ്യപ്പെട്ടത്. ഹരിപ്പാട് മുതൽ എറണാകുളം വരെയുള്ള ഇരട്ടിപ്പിക്കലിനു 856 കോടി രൂപ നല്കണമെന്നായിരുന്നു കേന്ദ്ര നിർദേശം. സംസ്ഥാനത്തിന്റെ ആവശ്യം റെയിൽവേ, ധനമന്ത്രിമാരുമായി ചർച്ച ചെയ്യുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
2815 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന അങ്കമാലി-എരുമേലി ശബരി റെയിൽ പാതയുടെ 50 ശതമാനം ചെലവ് സംസ്ഥാനം വഹിക്കണമെന്നായിരുന്നു റെയിൽവേയുടെ നിർദേശം. എന്നാൽ, അഞ്ച് കോടിയിലധികം അയ്യപ്പഭക്തരെത്തുന്ന ശബരിമലയിലേക്കുള്ള റെയിൽപാത പൂർണമായും കേന്ദ്ര ഫണ്ടിൽ തന്നെ പൂർത്തിയാക്കാൻ റെയിൽവേ മന്ത്രിയോട് അഭ്യർഥിക്കുമെന്ന് അൽഫോൻസ് കണ്ണന്താനം പറഞ്ഞു. കേരളത്തിന്റെ സ്വപ്ന പദ്ധതിയായ തിരുവനന്തപുരം-കാസർഗോഡ് എലിവേറ്റഡ് അതിവേഗ റെയിൽപാതയുടെ നിർമാണവും കേന്ദ്ര സഹായത്തിൽ തന്നെ നടപ്പാക്കണമെന്ന് ആവശ്യപ്പെടുമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.
മൈസൂർ- തിരുവനന്തപുരം പ്രതിവാര ട്രെയിൻ പ്രതിദിനമാക്കുകയോ അല്ലെങ്കിൽ വെള്ളിയാഴ്ച മൈസൂറിൽ നിന്നാരംഭിച്ച് ശനിയാഴ്ച തിരുവനന്തപുരത്തെത്തി ഞായറാഴ്ച മടങ്ങിപ്പോകുന്ന തരത്തിലാക്കുകയോ വേണമെന്നും കേന്ദ്രമന്ത്രി റെയിൽവേ ബോർഡിനോട് ആവശ്യപ്പെട്ടു.
പഴകിയ കോച്ചുകൾ കേരളത്തിലേക്ക് നൽകുന്ന പതിവ് അവസാനിപ്പിച്ച് പുതിയ എൽഎച്ച്ബി കോച്ചുകൾ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആവശ്യങ്ങൾ റെയിൽവേ ബോർഡ് പരിഗണിക്കുമെന്നും പുതിയ കോച്ചുകൾ വൈകാതെയെത്തുമെന്നും റെയിൽവേ ബോർഡ് അഡീഷണൽ മെന്പർ (വർക്ക്സ്) അജിത് പണ്ഡിറ്റ് പറഞ്ഞു. പാലക്കാട് കോച്ച് ഫാക്ടറി സംബന്ധിച്ച് റെയിൽവേ മന്ത്രിയുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും ബജറ്റിൽ അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നതായും അൽഫോൻസ് കണ്ണന്താനം കൂട്ടിച്ചേർത്തു.
റെയിൽവേ എക്സിക്യൂട്ടീവ് ഡയറക്ടർ(വർക്ക്സ്) രാജേഷ് അഗർവാൾ, അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ, എറണാകുളം ജില്ലാ കളക്ടർ മുഹമ്മദ് സഫീറുള്ള, കോട്ടയം കളക്ടർ ബി.എസ്. തിരുമേനി, പത്തനംതിട്ട കളക്ടർ ആർ. ഗിരിജ, ആലപ്പുഴ കളക്ടർ ടി. വി. അനുപമ, റവന്യു വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.