കോട്ടയം: കളക്ടറേറ്റിനു സമീപം ബഹുനില മന്ദിരത്തിനു തീ പിടിച്ച് ഹൈപ്പർ മാർക്കറ്റ് കത്തി ചാന്പലായ സംഭവത്തിൽ ഈസ്റ്റ് പോലീസ് കേസെടുത്തു. സംഭവം അട്ടിമറിയാണോ എന്ന സംശയത്തിലാണ് ഹൈപ്പർമാർക്കറ്റ് ഉടമ പരാതി നല്കിയത്. തനിക്ക് ശത്രുക്കളുണ്ടെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. എട്ടുകോടി രൂപയുടെ നഷ്ടമുണ്ടായി എന്നാണ് ഹൈപ്പർ മാർക്കറ്റ് ഉടമയുടെ പരാതിയിൽ പറയുന്നത്.
എന്തെങ്കിലും അട്ടിമറി നടന്നിട്ടുണ്ടോ എന്നതിന് ശാസ്ത്രീയമായ തെളിവുകൾ ശേഖരിക്കുന്നതിന് ഇന്ന് പോലീസ് സയന്റിഫിക് വിഭാഗം പരിശോധന നടത്തും. ഇതോടൊപ്പം ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ പരിശോധനയും ഉണ്ടാകും. രണ്ടു പരിശോധയുടെയും റിപ്പോർട്ട് ലഭിച്ചാലേ തീ പിടിത്തത്തിന്റെ കാരണം വ്യക്തമാവൂ.
അതേ സമയം വൈദ്യുതി ഷോർട്ട് സർക്യൂട്ട്് സാധ്യതയും തള്ളിക്കളയുന്നില്ല. ഇന്നലെ ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം വൈദ്യുതി ഷോർട്ട് സർക്യൂട്ട് എന്നാണ്. എന്നാൽ കെഎസ്ഇബി ഇത് തള്ളിയിട്ടുണ്ട്.
കളക്ടറേറ്റ് ജംഗ്ഷനുസമീപം കണ്ടത്തിൽ റെസിഡൻസിൽ പുലർച്ചെ 2.15നുണ്ടായ തീ നിയന്ത്രണ വിധേയമാക്കാൻ ഒൻപത് മണിക്കൂറിലേറെ സമയം വേണ്ടി വന്നു ഫയർഫോഴ്സിന്. രണ്ടാംനിലയിലെ ഹൈപ്പർമാർക്കറ്റ് പൂർണമായി കത്തിനശിച്ചു. ഇതിനു മുകളിൽ ഇരുനിലകളിലായി പ്രവർത്തിക്കുന്ന ലോഡ്ജിൽ 13 മുറികളിലായി ഉറക്കത്തിലായിരുന്ന സ്ത്രീകൾ ഉൾപ്പെടെ 40പേരെ വേഗം ഒഴിപ്പിക്കാനായതിനാൽ വൻദുരന്തം ഒഴിവായി. റോഡിന് എതിർവശം പെട്രോൾപന്പ് പ്രവർത്തിക്കുന്നതും രക്ഷാപ്രവർത്തകരിൽ ആശങ്ക പരത്തിയിരുന്നു.
സിഎസ്ഐ അസൻഷൻ പള്ളിയുടെ എതിർവശത്തുള്ള കണ്ടത്തിൽ റസിഡൻസിയിൽ പാലാ പൈക കാരാങ്കൽ ജോഷിയുടെ ഉടമസ്ഥതയിലുള്ള പേ ലെസ് ഹൈപ്പർ മാർക്കറ്റാണു കത്തിനശിച്ചത്. പുലർച്ചെ കനത്ത പുകയും ചൂടും മുകളിലുള്ള ലോഡ്ജ് മുറികളിൽ എത്തിയതോടെ ജീവനക്കാർ അഗ്നിശമനസേനയെ വിവരമറിയിക്കുകയായിരുന്നു. വെന്റിലേറ്റർ ഇല്ലാത്തതിനാൽ കടയ്ക്കുള്ളിൽ തീ അമരുന്നത് പുറത്ത് അറിഞ്ഞിരുന്നില്ല. ഷട്ടർ തുറന്ന് ഗ്ലാസ് തകർത്ത് അകത്തുകടന്നപ്പോഴേക്കും സാധനങ്ങൾ പൂർണമായും കത്തിനശിച്ചിരുന്നു.
രണ്ട് ഗ്യാസ് സിലിണ്ടറുകൾക്കും അടുപ്പിനും തീപിടിച്ചെങ്കിലും പൊട്ടിത്തെറി ഉണ്ടാകാതിരുന്നതും ദുരന്തത്തിന്റെ തീവ്രത കുറച്ചു. സെല്ലാർ ഉൾപ്പെടെ അഞ്ചു നില കെട്ടിടത്തിലെ മുകൾനിലകളിലൊന്നിൽ പ്രവർത്തിക്കുന്ന ഗൗതം ടെക്സ് തുണിക്കടയിലേക്കു തീപടരാതിരിക്കാൻ കഠിനശ്രമം വേണ്ടിവന്നു.
കനത്തചൂടും പുകയുമേറ്റ് തുണിത്തരങ്ങൾ നശിച്ചിട്ടുണ്ട്. ഫയർ എൻജിനുകൾ തുടരെ വെള്ളംചീറ്റിയതിനാൽ താഴത്തെ നിലകളിലുള്ള ശ്രീ ശരവണാസ് ഹോട്ടൽ, സ്റ്റാർ മൊബൈൽ പാലസ്, ബ്രൈറ്റ് സർവീസ് സെന്റർ, ആഷാസ് അക്കാദമി, അഡ്വക്കേറ്റ് ഓഫീസ്, തയ്യൽക്കട, ബ്യൂട്ടി പാർലർ തുടങ്ങിയ സ്ഥാപങ്ങളിലെ സാധനസാമഗ്രികളും നശിച്ചിട്ടുണ്ട്.
കോട്ടയത്തുനിന്ന് നാലും പാലാ, ചങ്ങനാശേരി, പാന്പാടി, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിൽനിന്ന് രണ്ടുവീതവും കടുത്തുരുത്തി, ചെങ്ങന്നൂർ എന്നിവിടങ്ങളിൽനിന്ന് ഓരോ യൂണിറ്റും ഫയർ ഫോഴ്സ് യൂണിറ്റാണു തീ അണയ്ക്കാനുണ്ടായിരുന്നത്. കോട്ടയം ഡിവൈഎസ്പി ഷാജിമോൻ ജോസഫ്, ഈസ്റ്റ് സിഐ സാജു വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ പോലീസ് കനത്ത ജാഗ്രതയോടെ കെകെ റോഡിൽ നിലയുറപ്പിച്ചിരുന്നു.
തീ കെടുത്തൽ ശ്രമത്തിനിടെ മൂന്നു ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ലീഡിംഗ് ഫയർമാൻ ഡി.ഉദയഭാനു, സ്റ്റേഷൻ ഓഫീസർ കെ.വി.ശിവദാസൻ, ഡ്രൈവർ കെ.സി.തങ്കച്ചൻ എന്നിവർക്കാണ് ഗ്ലാസ് കുത്തിക്കയറി പരിക്കേറ്റത്. ഇവർ ആശുപത്രിയിൽ ചികിത്സ തേടി.