കോട്ടയം: ഓടയിലെ വെള്ളം ഇരച്ചുകയറി അതിരന്പുഴ സ്വദേശി ജീമോൻ ജോർജിന്റെ വീട് വെള്ളത്തിലായി. ഇന്നലെ അർധരാത്രിയിൽ പെയ്ത ശക്തമായ മഴയെത്തുടർന്നാണ് വെള്ളപ്പാച്ചിലുണ്ടായത്.
ജീമോന്റെ വീട്ടിൽ അരയടിയോളം വെള്ളം നിറഞ്ഞു. വീട്ടുകാർ ഉറങ്ങിക്കിടക്കുന്പോഴാണ് വീട്ടിൽ വെള്ളം ഇരച്ചുകയറിയത്.
ഫയർഫോഴ്സ് എത്തിയാണ് ജീമോന്റെ കിടപ്പുരോഗിയായ അമ്മ അന്നമ്മയെ (68) പുറത്തെത്തിച്ചത്. ഓടയുടെ അശാസ്ത്രിയമായ നിർമാണമാണ് വെള്ളം വീട്ടിലേക്കു കയറാൻ ഇടയാക്കുന്നത്.
അതിരമ്പുഴ-യൂണിവേഴ്സിറ്റി റോഡിന്റെ അരികിലാണ് ജീമോന്റെ വീട്. റോഡ് ഉയർത്തിയപ്പോൾ ഓട ഉയർത്തിക്കെട്ടിയില്ല. ഇതോടെ റോഡിലെ വെള്ളം വീട്ടിലേക്കു കയറാൻ തുടങ്ങി.
മലിനജലത്തിൽ തെന്നിവീണാണ് അന്നമ്മ കിടപ്പിലായത്. രണ്ട് കാലും ഒടിഞ്ഞ് പരസഹായമില്ലാതെ നടക്കാൻ കഴിയാത്ത അവസ്ഥയിലാണ്.
സ്ഥിരമായി മലിനജലം കയറുന്നതോടെ ഇവരുടെ കിണറ്റിലും മാലിന്യം കലർന്നിരുന്നു. നേരത്തെ റോഡിന് ഓടയില്ലാതിരുന്നപ്പോഴും സമാന അവസ്ഥയായിരുന്നു.
ദുരിതമേറിയതോടെ പഞ്ചായത്തിലും പിഡബ്ല്യുഡി, കളക്ടർ, ആർഡിഒ തുടങ്ങിയവർക്കു പരാതി നൽകിയിരുന്നു. തുടർന്ന് സബ്കളക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഓട നിർമിച്ചു.
എന്നാൽ പിന്നാലെ ഏറ്റുമാനൂർ-മെഡിക്കൽ കോളജ് റോഡ് നവീകരിച്ചതോടെ വീണ്ടും ദുരിതമായി. റോഡ് ഉയർത്തിയതിനൊപ്പം ഓടയും ഉയർത്തിക്കെട്ടാതിരുന്നതാണ് ജീമോനു വീണ്ടും ദുരിതം സമ്മാനിച്ചത്.