കോട്ടയം: മഴ ശമിച്ചെങ്കിലും കോട്ടയം ജില്ലയിലെ പടിഞ്ഞാറന്‍ മേഖലയിലെ ജലനിരപ്പ് ഉയര്‍ന്നുതന്നെ നില്‍ക്കുകയാണ്. മീനച്ചിലാര്‍, മണിമലയാര്‍, പന്പയാര് എന്നീ നദികളിലെ ജലനിരപ്പ് താഴന്നിട്ടുണ്ട്.
കാലവര്‍ഷക്കെടുതിയില്‍ ജില്ലയിൽ ഇന്നലെ ഒരാള്‍ മരിച്ചു. കോട്ടയം പാത്താമുട്ടത്ത് താറാവ് കര്‍ഷക തൊഴിലാളിയായ പടിയറക്കടവ് തേവര്‍കുന്നേല്‍ സദാനന്ദന് (59) ആണു മരിച്ചത്. ഇന്നലെ ഉച്ചയ്ക്കു മാളിയക്കടവ് പാലത്തിനു സമീപമാണ് മൃതദേഹം കണ്ടെത്തിയത്.
പാലത്തിനു സമീപം വള്ളവും മൊബൈല്‍ ഫോണും കണ്ടെങ്കിലും ആളെ കാണാത്തതിനാല്‍ നാട്ടുകാര്‍ തെരച്ചില്‍ തുടങ്ങി. തുടര്‍ന്ന് ചങ്ങനാശേരിയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സ് വെള്ളത്തില്‍ നിന്നു മൃതദേഹം കണ്ടെത്തുകയായിരുന്നു.
ജില്ലയില്‍ 12 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. 12 ക്യാമ്പുകളില്‍ 37 കുടുംബങ്ങളിലെ 129 പേരുണ്ട്. ഇതില്‍ 47 പുരുഷന്മാരും 55 സ്ത്രീകളും 27 കുട്ടികളും ഉള്‍പ്പെടുന്നു. കോട്ടയം താലൂക്കില്‍ 11 ക്യാമ്പുകളും ചങ്ങനാശേരി താലൂക്കില്‍ ഒരു ക്യാമ്പുമാണു നിലവില്‍ പ്രവർത്തിക്കുന്നത്.