വെള്ളപ്പൊക്കം നാടിനെ വിഴുങ്ങിയേക്കുമെന്ന ഭീതി ഒടുവില്‍ ആശ്വാസമായി കോട്ടയം എയ്ഞ്ചല്‍വാലിയില്‍ കഴിഞ്ഞ ദിവസം ഒഴിഞ്ഞപ്പോള്‍ പ്രളയത്തിന്റെ ബാക്കിപത്രമായി അടിഞ്ഞതായിരുന്നു കൂറ്റന്‍ കാട്ടുപോത്തിന്റെ ജഡം.
എന്നാല്‍ ജഡം കരയിലെത്തിക്കാന്‍ ഇരുകര മുറ്റാറായ വെള്ളത്തിലിറങ്ങാന്‍ ആര്‍ക്കും ധൈര്യം പോരാ. കരയില്‍ വിഷണ്ണരായി നിന്ന വനപാലകര്‍ സഹായത്തിനായി ഫയര്‍ ഫോഴ്സിനെ വിളിക്കുമ്പോഴാണ് നാല് യുവാക്കള്‍ സാഹസം ഏറ്റെടുത്ത് നദിയിലേക്കിറങ്ങിയത്.
ശരത്, ശരണ്‍, റിയാസ്, അച്ചു എന്നിവരായിരുന്നു ആ നാല് പേര്. വടം കയറില്‍ തൂങ്ങി അവര്‍ ഒഴുക്കിനെതിരേ നീന്തുന്നത് വനപാലകരും നാട്ടുകാരും അമ്പരപ്പോടെ കണ്ടുനിന്നു. കറുത്ത പാറയുടെ മുകളില്‍ തടഞ്ഞുനിന്ന ജഡത്തില്‍ നിന്ന് അസഹനീയമായ ദുര്‍ഗന്ധം വമിക്കുന്നുണ്ടായിരുന്നു. ആ നാല് പേരും ചേര്‍ന്ന് പ്രയാസപ്പെട്ട് ജഡം കയറില്‍ കെട്ടി. അത് കരയിലേക്ക് വലിക്കുമ്പോള്‍ നാടൊന്നാകെ സഹായത്തിനെത്തി.
കൂറ്റന്‍ കാട്ടുപോത്തിന്റെ ജഡമായിരുന്നു അത്. മലവെള്ളത്തില്‍ ഉഗ്രന്‍ കാട്ടുപോത്തിനു പോലും പിടിച്ചു നില്‍ക്കാനാവില്ലെങ്കില്‍ മനുഷ്യരുടെ അവസ്ഥ എത്ര ദാരുണായിരിക്കുമെന്ന് ചിന്തിച്ചു പോയി നാട്ടുകാര്‍. ഇത്തരമൊരു പ്രളയം പുതുതലമറയുടെ ഓര്‍മയില്‍ പോലുമില്ല. ധീരരായി ജഡം കരയിലെത്തിച്ച നാല്‍വര്‍ സംഘത്തെ നാട്ടുകാരും വനപാലകരും അനുമോദിച്ചു.