കോട്ടയം: കോട്ടയം റബർ ടൗണ്‍ റൗണ്ട് ടേബിൾ 121ന്റെ ആഭിമുഖ്യത്തിൽ നാഗന്പടം മുനിസിപ്പൽ മൈതാനിയിൽ ആരംഭിച്ച ഫുഡ് ഫെസ്റ്റിനു നാളെ സമാപനം.
നാവിൽ രുചിയൂറുന്ന തനിനാടൻ വിഭവങ്ങൾ മുതൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഭക്ഷണങ്ങൾ വരെ ഫെസ്റ്റിൽ ആസ്വദിക്കാനാവും. തുടക്കം മുതൽ നല്ല തിരക്കാണ് ഫെസ്റ്റിൽ അനുഭവപ്പെട്ടത്. വിവിധ കൗണ്ടറുകളിൽനിന്ന് വാങ്ങുന്ന ഭക്ഷണം മേളയിൽ പങ്കെടുക്കുന്നവർക്ക് ഒന്നിച്ചിരുന്നു കഴിക്കാനുള്ള സൗകര്യവും ഒരുക്കിയിരിക്കുന്നതിനാൽ കുടുംബാംഗങ്ങൾക്ക് ഒരുമിച്ചെത്തി വിവിധ രുചികളിലുള്ള ഭക്ഷണങ്ങൾ കഴിക്കാനുള്ള സൗകര്യമുണ്ട്.
ഭക്ഷണ പ്രിയരായ ധാരാളം പേരാണ് വിവിധ സ്ഥലങ്ങളിൽ നിന്നും മേളയിൽ എത്തുന്നത്. മേളയിൽ കുട്ടികൾക്കുള്ള കളിസ്ഥലവും വാഹനപ്രദർശനവും തയാറാക്കിയിട്ടുണ്ട്. ഇന്നും നാളെയും വൈകുന്നേരം വിവിധ ബാൻഡുകളുടെ കലാപരിപാടികളുമുണ്ട്.
രുചികരമായ ഭക്ഷണവും കഴിച്ച് ഷോപ്പിംഗും നടത്തി കലാപരിപാടികളും ആസ്വദിച്ച് മടങ്ങാം. അവധി ദിനമായ നാളെ വളരെ വലിയ തിരക്കാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. ഫെസ്റ്റിലേക്കുള്ള പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിട്ടുണ്ട്.
ഫുഡ് ഫെസ്റ്റിന്റെ വരുമാനം ഭിന്നശേഷിക്കാരായ കുട്ടികളുടെ വിദ്യാഭ്യാസത്തിനും മറ്റുകാരുണ്യപ്രവർത്തനങ്ങൾക്കുമാണ് ഉപയോഗിക്കുന്നതെന്ന് കോട്ടയം റബർ ടൗണ്‍ റൗണ്ട് ടേബിൾ 121ന്റെ ഭാരവാഹികൾ പറഞ്ഞു. ദിവസവും വൈകുന്നേരം നാലു മുതൽ രാത്രി 10.30 വരെയാണ് മേള.