കോട്ടയം: കോട്ടയം നഗരത്തിലെ ഫുട്പാത്ത് പണി അവസാന ഘട്ടത്തിലെത്തി. ഫുട്പാത്ത് കച്ചവടക്കാർ കയ്യേറിയി ല്ലെങ്കിൽ ഇനി കാൽനടയാത്രക്കാർക്ക് പേടിക്കാതെ നടക്കാം. നഗരത്തിലെ റോഡും ഫുട്പാത്തുമായിരുന്നു യാത്രക്കാർക്ക് നരകയാതന സമ്മാനിച്ചിരുന്നത്. അതിന് ഏതാണ്ട് അവസാനമാവുകയാണ്. ഗതാഗത തടസമുണ്ടാകുന്പോൾ ഇരുചക്ര വാഹനങ്ങൾ ഫുട്പാത്തിലൂടെ കയറ്റി പോകുന്നത് ഇനി ഒഴിവാകും. കാരണം ഫുട്പാത്ത് റോഡിൽ നിന്ന് 20 സെന്റീമീറ്റർ ഉയരത്തിലാണ് നിർമിക്കുന്നത്.
എംസി റോഡു നവീകരണത്തിന്റെ ഭാഗമായി കെഎസ്ടിപിയാണ് ഫുട്പാത്ത് നിർമിക്കുന്നത്. കോടിമത നാലുവരിപാത മുതൽ ടിബി റോഡ്, സെൻട്രൽ ജംഗ്ഷൻ, ബേക്കർ ജംഗ്ഷൻ വഴി നാഗന്പടത്തു പുതുതായി നിർമിക്കുന്ന റൗണ്ടാന വരെയാണ് നടപ്പാത നിർമിക്കുന്നത്. എസ്എച്ച് മൗണ്ട്, ചവിട്ടുവരി, സംക്രാന്തി തുടങ്ങിയ ഭാഗങ്ങളിലും ഫുട്പാത്തു നിർമാണം പൂർത്തിയായിട്ടുണ്ട്.
ഏറ്റുമാനൂർ ടൗണിലും ഫൂട്പാത്ത് നിർമാണം ഏകദേശം പൂർത്തിയായിട്ടുണ്ട്.സ്ഥിരമായി വെള്ളക്കെട്ടുണ്ടാകുന്ന സ്ഥലത്തും വെള്ളം സുഗമമായി ഒഴുകിപോകാനുള്ള ഓട സംവിധാനം ഒരുക്കിയതിനു ശേഷമാണ് അധികൃതർ ഫുട്പാത്ത് നിർമിച്ചിരിക്കുന്നത്. റോഡിൽ നിന്നും 20സെന്റി മീറ്റർ ഉയരത്തിൽ ഒന്നരമീറ്റർ വീതിയിലാണ് ഫുട്പാത്തിന്റെ നിർമാണം. ടൈലുകളാണ് ഫുട്പാത്തിൽ പാകിയിരിക്കുന്നത്.
റോഡിനോടു ചേർന്ന് പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളിലേക്കു വാഹനങ്ങൾ ഉൾപ്പെടെ കടന്നുപോകുവാനുള്ള സൗകര്യമെരുക്കിയിട്ടുണ്ട്. റോഡിനേക്കാൾ ഉയരത്തിൽ ഫുട്പാത്ത് നിർമിച്ചതിനാൽ വാഹനങ്ങൾക്ക് ഒരു കാരണവശാലും ഫുട്പാത്തിൽ ഇനി കയറാൻ സാധിക്കില്ല. ഇതു കാൽനടയാത്രക്കാർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. മുന്പ് ഫുട്പാത്തുകളിലെ കോണ്ക്രീറ്റ് സ്ലാബുകളിൽ കയറ്റി വാഹനങ്ങൾ പാർക്കു ചെയ്യുന്നതു പതിവായിരുന്നു.