കോട്ടയം: കോട്ടയത്ത് ബഹുനില കെട്ടിടത്തെ വിഴുങ്ങിയ തീയണയ്ക്കാൻ എത്തിയ ഫയർഫോഴ്സുകാരെ എത്ര അഭിനന്ദിച്ചാലും മതി വരില്ല. അത്രയ്ക്ക് കഷ്ടപ്പെട്ടാണ് ഇന്നലത്തെ തീ പിടിത്തം അവർ നിയന്ത്രണ വിധേയമാക്കിയത്. തീ പടർന്നു പിടിച്ചിരുന്നുവെങ്കിൽ നഗരം മൊത്തം ചാന്പലാകുമായിരുന്നു.
അതിനുള്ള എല്ലാ സാഹചര്യങ്ങളുമാണ് തീ പിടിച്ച കെട്ടിടത്തിനു സമീപത്തുള്ളത്. തൊട്ടപ്പുറത്ത് നൂറുമീറ്റർ അടുത്ത് പെട്രോൾ പന്പും തടിമില്ലും. ഒരു തീപ്പൊരി വീണാൽ എല്ലാം തീരും.
പോരാത്തതിന് ചേർന്നു ചേർന്നു കെട്ടിടങ്ങൾ. ഇതേ കെട്ടിടത്തിലെ ഹോട്ടലിൽ ഉൾപ്പെടെ ഒട്ടേറെ ഗ്യാസ് സിലിണ്ടറുകൾ. തൊട്ടുസമീപത്തെ ചായക്കടകളിലുമുണ്ട് സിലിണ്ടറുകൾ. കെകെ റോഡിലും സമീപത്തെ എല്ലാ കെട്ടിടങ്ങളിൽ 11 കെവി വൈദ്യുതി ലൈനുകൾ. തീപിടിത്തമുണ്ടായ കെട്ടിടത്തിന് അര കിലോമീറ്ററിനുള്ളിൽ വേറെയും പെട്രോൾ പന്പുകളും നൂറുകണക്കിനു കെട്ടിടങ്ങളുമുണ്ട്.
എന്നാൽ ശ്വാസമടക്കിപ്പിടിച്ച് പത്തുമണിക്കൂർകൊണ്ട് തീ വരുതിയിലാക്കിയശേഷമാണ് ഫയർഫോഴ്സ് ജീവനക്കാർ പോയത്. വിവിധയിടങ്ങളിൽനിന്നായി 14 ഫയർ ഫോഴ്സ് യൂണിറ്റുകൾ പാഞ്ഞെത്തിയെങ്കിലും സ്ഥലപരിമിതിമൂലം എല്ലാ വണ്ടികൾക്കും കെട്ടിടത്തോടു ചേർന്നു തീ അണയ്ക്കാൻ പറ്റിയില്ല.
ഒരു ടാങ്കിലെ വെള്ളം തീരുന്പോൾ അടുത്തവണ്ടി കയറ്റി ഇടുക എന്ന മട്ടിൽ യൂണിറ്റുകൾ റോഡിൽ ക്യൂ കാത്തു കിടുന്നു.
സംഭവമറിഞ്ഞു കോട്ടയത്തെ വിവിധ സ്റ്റേഷനുകളിൽനിന്നായി നൂറോളം പോലീസും പാഞ്ഞെത്തി. നൈറ്റ് പട്രോളിംഗ് ടീമുകൾ വിവിധയിടങ്ങളിൽനിന്നു കോട്ടയത്ത് ഓടിയെത്തി. അസൻഷൻ പള്ളി ജംഗ്ഷനിൽനിന്നും ലോഗോസ് വഴിയും പോലീസ് പരേഡ് മൈതാനം വഴിയും വാഹനങ്ങൾ തിരിച്ചു വിട്ട് കെകെ റോഡ് ഫയർഫോഴ്സിനും പോലീസിനും മാത്രമായി ഒഴിപ്പിച്ചു.