കോട്ടയം: ജനറൽ ആശുപത്രിയിലെ സ്ത്രീകളുടെ ശൗചാലയം പൂട്ടിയതിൽ വ്യാപക പരാതി ഉയരുന്നു. ദിവസേന നൂറുകണക്കിന് സ്ത്രീകളെത്തുന്ന ജനറൽ ആശുപത്രിയിലെ ഒൗട്ട്പേഷ്യന്റ് വിഭാഗത്തിലെ ശൗചാലയമാണ് ദിവസങ്ങളായി പൂട്ടിക്കിടക്കുന്നത്.
ഇവിടെ എത്തുന്ന രോഗികൾക്കും ഒപ്പമുള്ളവർക്കും ഉപയോഗിക്കാനാണ് അമ്മത്തൊട്ടിലിനു സമീപമായി രണ്ടു ശൗചാലയമുള്ളത്. അതിൽ പുരുഷന്മാരുടേത് മാത്രമാണ് ഇപ്പോൾ തുറന്നു കൊടുത്തിട്ടുള്ളത്.
എപ്പോഴും ആവശ്യക്കാർ ഉള്ളതിനാൽ തന്നെ പുരുഷന്മാർക്കൊപ്പം വരി നിന്നാണ് ഇപ്പോൾ സ് ത്രീകൾ അതുപയോഗിക്കുന്നത്. ഗർഭിണികളും പ്രായമുള്ള രോഗികളും വലിയ ബുദ്ധിമുട്ടാണ് ഇപ്പോൾ അനുഭവിക്കുന്നത്.
ഓർത്തോ വാർഡിനു സമീപം സ്ത്രീകൾക്കായി പൊതു മൂത്രപ്പുരകളുണ്ട്. എന്നാൽ അതു കണ്ടുപിടിക്കാൻ എളുപ്പമല്ല. പടികൾ ചവിട്ടിക്കയറി അവിടെയെത്താൻ രോഗികൾ വളരെ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്.
എന്തു അറ്റകുറ്റപ്പണിക്കാണ് ശൗചാലയം പൂട്ടിയിട്ടിരിക്കുന്നതെന്ന് ആശുപത്രി അധികൃതർക്കും വ്യക്തതയില്ല.