കോട്ടയം: ജനറൽ ആശുപത്രിയിലെ ഇ-ഹെൽത്ത് പ്രവർത്തന പദ്ധതിക്കു തുടക്കമായി. ഇനി വീട്ടിലിരുന്ന് ഒപി ടിക്കറ്റ് ഓൺലൈനായി എടുക്കാനും ആശുപത്രി അപ്പോയ്മെന്റ് എടുക്കാനും ഇതിലൂടെ കഴിയും. രാവിലെ 10.30ന് ഒപി കൗണ്ടറിന് സമീപം നടന്ന ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പദ്ധതി ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു അധ്യക്ഷത വഹിച്ചു. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 54.30 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി ആരംഭിക്കാനുള്ള അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്.
നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ, ദേശീയ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വ്യാസ് സുകുമാരൻ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും.
ഡോ. എം. മനു, ജോസ് പുത്തൻകാല, പി.എസ്. പുഷ്പമണി, ജെസ്സി ഷാജൻ, പി.എം. മാത്യു, മഞ്ജു സുജിത്ത്, സിൻസി പാറയിൽ തുടങ്ങിയവർ പ്രസംഗിക്കും. പൊതുജനങ്ങളുടെ ആരോഗ്യപരിരക്ഷ ഫലപ്രദമായി ഉറപ്പുവരുത്താനും വിവരങ്ങളുടെ കേന്ദ്രീകൃത ഡാറ്റാ ബേസ് സൃഷ്ടിക്കാനുമായി ഐടി മേഖലയുടെ പരമാവധി സാധ്യത ഉപയോഗപ്പെടുത്തി സർക്കാർ വിഭാവനം ചെയ്തതാണ് ഇ-ഹെൽത്ത് പദ്ധതി.
ഇ-ഹെൽത്ത് പദ്ധതി നടപ്പാക്കുന്നതിനായി നെറ്റ് വർക്കിങ്, യുപിഎസ് വാങ്ങൽ, കേബിളിങ് ജോലികൾ എന്നിവയ്ക്കായാണ് എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 54.30 ലക്ഷം രൂപ അനുവദിച്ചത്.