കോട്ടയം: കോട്ടയം കേന്ദ്രീകരിച്ചു നടക്കുന്ന തട്ടിപ്പ് സംഘങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിൽ പോലീസിനു ലഭിച്ചിരിക്കുന്നതു ഞെട്ടിക്കുന്ന വിവരം.
തട്ടിപ്പ് സംഘത്തിൽ ഉൾപ്പെട്ടിരിക്കുന്ന സ്ത്രീകളുടെ പക്കൽ വ്യത്യസ് തമായ പേരുകളിലും മേൽവിലാസങ്ങളിലുമുള്ള നിരവധി തിരിച്ചറിയിൽ രേഖകളുള്ളതായി പോലീസ് കണ്ടെത്തി.
ഇവർക്കു ആവശ്യമായ നിയമസഹായം ചെയ്തു നല്കുന്നതു ആലപ്പുഴ അരൂർ സ്വദേശിയായ അഭിഭാഷകന്റെ സംഘമാണ്.തട്ടിപ്പിനു നേതൃത്വം നല്കുന്ന സ്ത്രീയ്ക്കു പുറമേ സംഘത്തിൽപ്പെട്ട മറ്റു സ്ത്രീകൾക്കും സമാനമായ രീതിയിൽ തിരിച്ചറിയിൽ രേഖകളുണ്ടെന്നും പോലീസ് പറഞ്ഞു.
പല മേൽവിലാസത്തിൽ ലഭിച്ചിരിക്കുന്ന തിരിച്ചറിയൽ രേഖകൾ പോലീസ് പരിശോധിച്ചു വരികയാണ്. സംഘത്തിൽപ്പെട്ടവർക്കും മറ്റുള്ളവരുടെ യഥാർഥ പേരും മേൽവിലാസവും അറിയില്ലെന്നും പോലീസ് പറഞ്ഞു.
ഇവർക്ക് ഇത്തരത്തിൽ തിരിച്ചറയിൽ രേഖകൾ സംഘടിപ്പിച്ചു നല്കുന്ന കൊച്ചിയിലുള്ള രണ്ട് അങ്കിളുമാരാണ്. ഉന്നത ബന്ധങ്ങളുള്ള അങ്കിളുമാർ ഇവരുടെ സ്വാധീനം ഉപയോഗിച്ചാണ് തിരിച്ചറിയിൽ രേഖകൾ സംഘടിപ്പിക്കുന്നത്.
വിവിധ ജില്ലകളിലായി സ്ത്രീകളുടെ സംഘം നടത്തുന്ന തട്ടിപ്പുകൾ പിടികൂടാതിരിക്കാനാണ് പല മേൽവിലാസമുള്ള തിരിച്ചറിയിൽ രേഖകൾ ഉപയോഗിക്കുന്നതെന്നും പോലീസ് പറയുന്നു.
തട്ടിപ്പ് സംഘത്തിൽ ഉൾപ്പെട്ടവരെ ഏതെങ്കിലും കേസിൽ പോലീസ് പിടിയിലായാൽ ഉടൻ തന്നെ അരൂർ സ്വദേശിയായ അഭിഭാഷകന്റെ സംഘത്തിലുള്ളവർ നിയമസഹായവുമായി രംഗത്തെത്തും.
കൊച്ചിയിലെ അങ്കിളുമാരുടെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള പോലീസിന്റെ അന്വേഷണവും പുരോഗമിക്കുകയാണ്. ഇവർ പതിവായി ബന്ധപ്പെടുന്ന ചില ഗുണ്ടാ സംഘങ്ങളെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്.
കോട്ടയത്ത് നാളുകൾക്കു മുന്പ് നടന്ന ഹണിട്രാപ്പ് കേസുമായി ഈ സ്ത്രീകളുടെ തട്ടിപ്പ് സംഘത്തിനു ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിച്ചു വരികയാണ്.
തട്ടിപ്പ് സംഘത്തിൽ പ്രവർത്തിക്കുന്ന ചില സ്ത്രീകൾ പതിവായി ഒരു സംഘത്തിൽ മാത്രമല്ല പ്രവർത്തിക്കുന്നത്. ഇവർ മറ്റു സംഘത്തിനൊപ്പവും പ്രവർത്തിക്കാറുണ്ട്.
അതിനാൽ തട്ടിപ്പ് സംഘത്തിൽപ്പെട്ട സ്ത്രീ തന്നെയാണ് ഹണിട്രാപ്പിൽപ്പെട്ട വ്യവസായിക്കൊപ്പം നഗ്നചിത്രങ്ങൾ എടുക്കാൻ എത്തിയ സ്ത്രീയെന്നും പോലീസ് വ്യക്തമാക്കുന്നു.
കുറച്ചു നാൾ മുന്പു കോട്ടയം നഗരത്തിൽ ഉൾപ്പെടെ ക്വട്ടേഷൻ, തട്ടിപ്പ്, പിടിച്ചുപറി കേസിൽ ഉൾപ്പെട്ട ഗുണ്ടാ സംഘത്തിലെ നേതാവിനു തട്ടിപ്പ് കേസിനു നേതൃത്വം നല്കുന്ന സ്ത്രീയുമായി അടുത്ത ബന്ധമുണ്ടായിരുന്നു. എന്നാൽ ഒരു കേസുമായി ബന്ധപ്പെട്ട് ഇയാൾ ജയിലിലായതോടെ സൗഹൃദം മുറിഞ്ഞു.