കോട്ടയം: അയ്മനത്ത് ഡിവൈഎഫ്ഐ പ്രവർത്തകന്റെ വീട്ടിൽ ആക്രമണം നടത്തിയശേഷം കുപ്രസിദ്ധ ഗുണ്ട മറ്റൊരു ഡിവൈഎഫ്ഐ പ്രവർത്തകനെ വെട്ടി പരിക്കേൽപ്പിച്ചു. ഇന്നു പുലർച്ചെ ഒന്നോടെ അയ്മനത്താണ് സംഭവം.
കാലിനു വെട്ടേറ്റ ഡിവൈഎഫ്ഐ പ്രവർത്തകൻ അയ്മനം സ്വദേശി നിധീഷ് രാജ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. കുപ്രസിദ്ധ ഗുണ്ട വിനീത് സഞ്്ജയനാണ് വീട് കയറി ആക്രമിച്ചശേഷം നിധീഷിനെ വെട്ടി പരിക്കേൽപ്പിച്ചത്.
രാത്രിയോടെ പ്രദേശത്ത് എത്തിയ വിനീത് സഞ്ജയൻ ആദ്യം ചെങ്ങളം കളപ്പുരയ്ക്കൽ പനഞ്ചേരിൽ ബൈജുവിന്റെ വീട് കയറി ആക്രമിക്കുകയായിരുന്നു. വീടിന്റെ ജനൽ ചില്ലുകളും കതകും ഇയാൾ അടിച്ചു തകർത്തു. വീടിനുള്ളിലേക്കു പടക്കം എറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്്ടിക്കുകയും ചെയ്തു.
ഏതാനും ദിവസങ്ങൾക്കു മുന്പാണ് നിരവധി കേസുകളിൽ പ്രതിയായ വിനീത് സഞ്ജയൻ ജയിലിൽനിന്ന് പുറത്തിറങ്ങിയത്. തുടർന്ന് ഇയാൾക്കെതിരേ പോലീസിൽ പരാതി നല്കിയതിലുള്ള വിരോധം തീർക്കുന്നതിനു വീട് ആക്രമിക്കുകയും നിധീഷിനെ വെട്ടിപരിക്കേൽപ്പിക്കുകയുമായിരുന്നുവെന്ന് വെസ്റ്റ് പോലീസ് പറഞ്ഞു.
രാത്രിയോടെ വെസ്റ്റ് എസ്എച്ച്ഒ എം.ജെ. അരുണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്നു നിധീഷിന്റെ മൊഴി പോലീസ് രേഖപ്പെടുത്തും.
നിധീഷിനെ വെട്ടിയ കേസിൽ കൊലപാതക ശ്രമത്തിനാണ് വിനിതീനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വീട് ആക്രമിച്ച കേസിൽ കുമരകം പോലീസാണ് കേസെടുത്തിരിക്കുന്നത്. പ്രതിയെ പിടികൂടുന്നതിനായി കോട്ടയം വെസ്റ്റ് എസ്എച്ച്ഒ എം.ജെ. അരുണിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.