കോട്ടയം: കാമുകനെ തേടി കോട്ടയത്ത് എത്തിയ യുവതിക്കു പിങ്ക് പോലീസ് രക്ഷകരായി. ഇന്നലെ വൈകുന്നേരമാണു അർത്തുങ്കലിൽ നിന്നു മണർകാട് സ്വദേശിയായ കാമുകനെ തേടി യുവതി കോട്ടയത്ത് എത്തിയത്. വിവിധ സ്ഥലങ്ങളിൽ യുവതി കാത്തു നിന്നെങ്കിലും കാമുകൻ എത്തിയില്ല.
സംശയം തോന്നിയ കടക്കാർ സംഭവം പിങ്ക് പോലീസിൽ അറിയിക്കുകയായിരുന്നു. തുടർന്നു പോലീസ് എത്തിയ യുവതിയോടു കാര്യങ്ങൾ ചോദിച്ചു മനസിലാക്കിയപ്പോഴാണു സംഭവത്തിൽ യാഥാർഥ്യം വെളിച്ചത്തുവരുന്നത്. തുടർന്നു പോലീസ് യുവതിയുടെ മാതാപിതാക്കളെ വിളിച്ചുവരുത്തി യുവതിയെ അവർക്കൊപ്പം പറഞ്ഞയച്ചു. കാമുകനെയും വിളിച്ചുവരുത്തി ഇരുവരെയും താക്കീത് ചെയ്യുകയും ചെയ്തു.