കോട്ടയം: ഇതര സംസ്ഥാനങ്ങളിൽ നിന്നും ജില്ലയിലേക്ക് കഞ്ചാവ് എത്തുന്നതു വൻതോതിൽ.
ഡിമാൻഡ് ഇപ്പോഴും തമിഴ്നാട്ടിൽനിന്നും എത്തിക്കുന്ന കഞ്ചാവിന്. കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ പോലീസ് കഞ്ചാവ് വേട്ട നടത്തിയിരുന്നു.
ഇന്നലെ കോട്ടയം റെയിൽവേ സ്റ്റേഷനു സമീപത്തുനിന്നും 8.88 കിലോഗ്രാം കഞ്ചാവുമായാണ് മൂന്നു യുവാക്കളെ കോട്ടയം ഈസ്റ്റ് പോലീസ് പിടികൂടിയത്.
വെളൂർ കാരാപ്പുഴ പതിനാറിൽചിറ ഭാഗത്ത് കൊച്ചുപറന്പിൽ ബാദുഷ ഷാഹുൽ (24), പത്തനംതിട്ട ചാലപ്പള്ളി കുടകലുംങ്കൽ നന്ദനം അഭിഷേക് കെ. മനോജ് (22), തിരുവാർപ്പ് കാഞ്ഞിരം പാറേൽ നാൽപത്തിൽ പി.ആർ. ജെറിൻ (22) എന്നിവരാണ് അറസ്റ്റിലായത്.
കഞ്ചാവെത്തിയത് ആന്ധ്രയിൽനിന്ന്
ആന്ധ്രാ പ്രദേശിൽ നിന്നും ട്രാവൽ ബാഗിൽ ആണ് കഞ്ചാവുമായി മൂന്നുപേരും എത്തിയത്. ജില്ലയിലേക്കു വൻ തോതിൽ കഞ്ചാവ് എത്തുന്നതായി പോലീസ് സംഘത്തിനു രഹസ്യവിവരം ലഭിച്ചിരുന്നു.
ഇതേ തുടർന്നു ജില്ലയിൽ ലഹരി വിരുദ്ധ സ്ക്വാഡിന്റെ നേതൃത്വത്തിൽ പരിശോധന ശക്തമാക്കിയിരുന്നു. തുടർന്നായിരുന്നു കഞ്ചാവ് വേട്ട.
കഞ്ചാവിന്റെ ഗന്ധം പുറത്തുവരാത്ത രീതിയിൽ നിരവധി കൂടുകളിൽ പൊതിഞ്ഞ് സുഗന്ധം പൂശിയ നിലയിലാണ് എത്തിക്കുന്നത്.
അന്യ സംസ്ഥാനങ്ങളിൽ നിന്നും ട്രെയിനിൽ വൻ തോതിൽ കഞ്ചാവ് എത്തുന്നതായും പോലീസിനു രഹസ്യ വിവരം ലഭിച്ചിരുന്നു.
രണ്ടാം നിര ഗുണ്ടാ സംഘം
ജില്ലയിലെ മയക്കുമരുന്നു ഗുണ്ടാ മാഫിയ തലവൻമാർ അഴിക്കുള്ളിലാണെങ്കിലും കഞ്ചാവും ലഹരിമരുന്നും ജില്ലയിലേക്ക് ഒഴുകുകയാണ്.
രണ്ടാം നിര ഗുണ്ടാ സംഘങ്ങളാണ് ഇപ്പോൾ കഞ്ചാവ്, മയക്കുമരുന്നു സംഘങ്ങളെ നിയന്ത്രിക്കുന്നത്.
യുവാക്കളെ കാരിയർമാരാക്കിയാണ് കഞ്ചാവ് എത്തിക്കുന്നത്. ഇന്നലെ പിടിയിലായ മൂന്നു പ്രതികളിൽ ബാദുഷയുടെ പേരിൽ കഞ്ചാവ് കേസുൾപ്പെടെ നിരവധി കേസുകളുണ്ട്.
കഞ്ചാവ് ആവശ്യപ്പെട്ട് എത്തുന്ന യുവാക്കളെ പിന്നീട് പണം നൽകി വശത്താക്കിയാണ് കാരിയർമാരാക്കുന്നത്. ആവശ്യത്തിനു ലഹരിയും പണവും പ്രലോഭിപ്പിക്കുന്നതോടെ പലരും ഈ വഴിയിലെത്തുന്നു.
കഞ്ചാവ് ഇനങ്ങളിൽ കൂടുതൽ പേരെ അടിമകളാക്കുന്ന ഇനം നീലച്ചടയനാണ്. ഇതിന്റെ വ്യാജനും കളം നിറയുന്നുണ്ട്.
മൊത്ത വിപണിയിൽ 5000 മുതൽ 10,000 രൂപ വരെയാണ് ഒരു കിലോയുടെ വില. ചില്ലറ വിപണിയിൽ അഞ്ചു ഗ്രാമിന് 500 രൂപ വരെ ഈടാക്കുന്നുണ്ട്.
ഗ്രാസ്, പുല്ല്, വീഡ്, കഞ്ചൻ, സ്റ്റഫ് തുടങ്ങിയ കോഡ് ഭാഷയിലാണ് വിൽപ്പനയും കൈമാറ്റവും.
ലഹരിയുടെ പുതിയ റൂട്ട്
നാളുകൾക്കു മുന്പുവരെ തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നുമാണ് ജില്ലയിലേക്കു കഞ്ചാവ് എത്തി കൊണ്ടിരുന്നത്.
അതിർത്തികളിൽ പോലീസ് പരിശോധന കർശനമാക്കിയതോടെ ഇടക്കാലത്ത് കഞ്ചാവിന്റെ വരവ് കുറഞ്ഞിരുന്നു.
പിന്നീട് പച്ചക്കറി ലോറികൾ ഉൾപ്പെടെയുള്ള വാഹനങ്ങളിലും ആഢംബര വാഹനങ്ങളിലുമായി വൻ തോതിൽ കഞ്ചാവ് കോട്ടയത്തേക്ക് എത്തിത്തുടങ്ങി.
കോവിഡിനെ തുടർന്നു കർണാടകയും തമിഴ്നാടും നിയന്ത്രണങ്ങളും പരിശോധനകളും കർശനമാക്കിയതോടെ ഇവിടങ്ങളിൽനിന്നും കഞ്ചാവ് എത്തിക്കാനുള്ള മാർഗങ്ങൾ അടഞ്ഞു.
തുടർന്നാണ് ആന്ധ്രാപ്രദേശിൽനിന്നും കഞ്ചാവ് ട്രെയിനിൽ എത്തിക്കുന്നതിനുള്ള മാർഗം കണ്ടെത്തിയത്. മുൻപ് കന്പം, തേനി എന്നിവിടങ്ങളിൽ നിന്നും ജില്ലയുടെ കിഴക്കൻ പ്രദേശങ്ങളിൽ നിന്നുമാണ് കഞ്ചാവു വന്നിരുന്നതെങ്കിൽ ഇപ്പോൾ ആന്ധ്ര, ഒഡീഷ സംസ്ഥാനങ്ങളിൽ നിന്നും വരവുണ്ട്.
വിലക്കുറവും ലഭ്യതയുമാണ് ആന്ധ്രയെ കഞ്ചാവിന്റെ ആകർഷണ കേന്ദ്രമാക്കുന്നത്. കിലോയ്ക്ക് 2,000 മുതൽ 3,000 രൂപ വരെ വിലയുണ്ട്.
ട്രെയിൻ, ബസ്, പ്രൈവറ്റ് വാഹനങ്ങളിലെ കാരിയർമാർ കൂടാതെ അവശ്യ വസ്തുക്കൾ, ഭക്ഷ്യ വസ്തുക്കൾ, സിമന്റ് തുടങ്ങിയവ കൊണ്ടുവരുന്ന ലോറികളിലും രഹസ്യ അറകളിലൂടെയാണ് കഞ്ചാവ് കടത്ത്.
അവശ്യ സാധനങ്ങൾ വരുന്ന ലോറിക്ക് കോവിഡ് കാലത്തും കടന്നുവരാമെന്നത് ഇവർക്ക് സൗകര്യമായി.
മലയാളി ഏജന്റുമാർ
കർണാടക, ആന്ധ്രാ, ഒഡീഷ സംസ്ഥാനങ്ങളിലെ ലോഡ്ജുകൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മലയാളി ഏജന്റുമാരാണ് കേരളത്തിൽ നിന്നുള്ള സംഘങ്ങൾക്ക് കഞ്ചാവ് എത്തിക്കുന്നതിനുള്ള ഒത്താശ ചെയ്യുന്നത്.
ജില്ലയിൽ എത്തിക്കുന്ന കഞ്ചാവിന്റെ പ്രധാന കൈമാറ്റ കേന്ദ്രങ്ങളിലൊന്ന് മുണ്ടക്കയമാണ്. മുന്പ് വാഹനങ്ങളിൽ ചെക്ക് പോസ്റ്റ് കടത്തി കഞ്ചാവു നേരിട്ടെത്തിക്കുന്നതായിരുന്നു രീതി.
പരിശോധന ശക്തമായതോടെ സംസ്ഥാന അതിർത്തിവരെ എത്തിക്കുന്നതായി പുതിയ റൂട്ട്. ഇവിടെനിന്നും കാരിയേഴ്സ് മുഖേന കാൽനടയായി ചെക് പോസ്റ്റ് കടത്തും. പോലീസ് സംശയിക്കില്ല എന്നതും പ്രയോജനപ്പെടുത്തുന്നു.
ജില്ലയിൽ മുണ്ടക്കയത്തിന്റെ പരിസര പ്രദേശങ്ങളിൽ വൻ തോതിൽ കഞ്ചാവ് കൈമാറ്റം നടക്കുന്നതായി നേരത്തെ പോലീസിനു വിവരം ലഭിച്ചതിനെ തുടർന്നു പരിശോധന കർശനമാക്കിയിരുന്നു.
ഇവിടെ നിന്നു കോട്ടയം, പത്തനംതിട്ട, കൊച്ചി, ആലപ്പുഴ, കൊല്ലം ജില്ലകളിലേക്കും കഞ്ചാവ് എത്തിക്കുന്നു.
ഓണ്ലൈൻ കച്ചവടം
സമൂഹ മാധ്യമങ്ങൾ വഴിയാണ് സംസ്ഥാനത്തിനകത്തും പുറത്തുമുള്ള കഞ്ചാവ് സംഘങ്ങളിലേക്ക് യുവാക്കളെത്തുന്നത്.
ആവശ്യക്കാരെയും ഇടപാടുകാരെയും കണ്ടെത്തുന്നതും ഇടപാടുകൾ നടത്തുന്നതും ഇതുവഴിയാണ്. പലപ്പോഴും വീട്ടിലെ മുതിർന്നവരുടെ പേരിലുള്ള അക്കൗണ്ടിലൂടെ അവർ അറിയാതെയാണ് ഇത്തരം ഡീലുകൾ.
വാട്സ് ആപ്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, ഫേസ്ബുക്ക് മെസഞ്ചർ, ബോട്ടിം, ഐഎംഒ തുടങ്ങിയ ആപുകളിലൂടെയാണ് ആശയ വിനിമയം.
മറ്റുള്ളവർക്കു കണ്ടാൽ സംശയ തോന്നാത്ത വിധം കോഡ് ഭാഷകളും ഇവർ ഉപയോഗിക്കുന്നുണ്ട്. മണി ട്രാൻസ്ഫറിംഗ് ആപുകളും ഇതിനായി ഉപയോഗിക്കുന്നുണ്ട്. ടെക്നോളജിയുടെ സാധ്യതകൾ മനസിലാക്കി ഹൈടെക് ഇടപാടുകളാണ് കഞ്ചാവ് സംഘങ്ങളുടേത്.