കോട്ടയം: കോട്ടയം-ആലപ്പുഴ ജലപാതയിൽ ബോട്ടു യാത്രയ്ക്കു പ്രതികൂലമായി ആഫ്രിക്കൻ പായലും പുല്ലും. കോടിമത മുതൽ കാഞ്ഞിരം വരെയുള്ള പ്രദേശത്താണ് ബോട്ടു യാത്ര തടസപ്പെടുത്തുന്ന രീതിയിൽ പായലും പുല്ലും നിറഞ്ഞിരിക്കുന്നത്. പായൽ നിറഞ്ഞിരിക്കുന്നത് ബോട്ടുകളുടെ യാത്രയ്ക്കു തടസമാകുന്നതോടൊപ്പം തകരാറിനും കാരണമാകുന്നുണ്ട്.
ബോട്ടുകളുടെ പ്രൊപ്പല്ലറിൽ പായൽ ചുറ്റുന്നതു പതിവാണ്. പ്രൊപ്പല്ലറിൽ ചുറ്റിയ പായൽ നീക്കം ചെയ്തശേഷമാണു പലപ്പോഴും യാത്ര. ഓരോ സ്ഥലത്തും 15 മിനിറ്റോളം അധികസമയം ചെലവിടേണ്ടിവരുന്നുണ്ട്. രണ്ടരമണിക്കൂർ സമയംകൊണ്ട് കോട്ടയത്തുനിന്നും ആലപ്പുഴയിലെത്തണ്ട ബോട്ട് ഇപ്പോൾ 15 മിനിറ്റു മുതൽ അര മണിക്കൂർ വരെ വൈകുകയാണ്.
എൻജിനും തകരാറിലാകാറുണ്ട്. ഇതു യാത്രക്കാരെ ബുദ്ധിമുട്ടിക്കുകയാണ്. കഴിഞ്ഞ ദിവസം പ്രൊപ്പല്ലറിൽ പായൽ കുരുങ്ങി ബോട്ടിനു തകരാർ സംഭവിച്ച് യാത്ര മുടങ്ങിയിരുന്നു. പരീക്ഷകൾ നടക്കുന്ന സമയമായതിനാൽ ബോട്ടുകർ തകരാറിലാകുന്നതും വൈകുന്നതും വിദ്യാർഥികളെ ബാധിക്കുന്നുണ്ട്.
സാധാരണഗതിയിൽ തണ്ണീർമുക്കം ബണ്ട് അടയ്ക്കുന്പോൾ കൊടൂരാറ്റിൽ പോള നിറയുന്നതാണ്. മുൻവർഷങ്ങളിൽനിന്നും വ്യത്യസ്തമായി ഇത്തവണ വലിയ തോതിലാണു പായലും പോളയും നിറഞ്ഞിരിക്കുന്നത്.
എല്ലാവർഷവും ലക്ഷങ്ങൾ ചെലവഴിച്ചു പോളകൾ നീക്കാറുണ്ടെങ്കിലും ഇത്തവണ പോളനീക്കുന്ന കാര്യത്തിൽ ഒരു തീരുമാനവും ഉണ്ടായിട്ടില്ല. ബോട്ടുയാത്ര പ്രതിസന്ധിയിലായതോടെ പായൽ മാറ്റണമെന്ന് ഇറിഗേഷൻ വകുപ്പിനോട് ജലഗതാഗതവകുപ്പ് പലതവണ ആവശ്യപ്പെട്ടുകഴിഞ്ഞു. നടപടിയൊന്നുമായിട്ടില്ല.
ഫണ്ടില്ലാത്തതിനാലാണു പായൽ നീക്കാത്തതെന്നാണു ഇറിഗേഷൻ അധികൃതർ പറയുന്നത്. ആർ ബ്ലോക്കിൽനിന്നു വെട്ടിക്കാട്ട് ഭാഗത്തുകൂടിയാണ് ഇവിടേക്ക് പായൽ കയറുന്നത്. ഇതിനു തടയിട്ടാൽ ജലപാത സംരക്ഷിക്കാൻ കഴിയുമെന്നു ചൂണ്ടിക്കാട്ടപ്പെടുന്നു. തോടിന്റെ ഇരുവശത്തുമായി താമസിക്കുന്നവർ ജലമാർഗമാണു കുടിവെള്ളം ശേഖരിക്കുന്നത്.
ഇപ്പോൾ പായൽ നിറഞ്ഞതോടെ വള്ളത്തിൽ ശുദ്ധജലം ശേഖരിക്കാൻ ഏറെ ബുദ്ധിമുട്ടേണ്ടി വരുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു. ആറിനു സമീപമുള്ള പാടശേഖരങ്ങളിൽ നിന്നുള്ള നെല്ലും ജലമാർഗമാണു കൊണ്ടുവരുന്നത്. പായൽ നിറഞ്ഞതുമൂലം ജലയാത്ര തടസപ്പെട്ട് നെല്ല് കരയിലേക്കു കൊണ്ടുവരാൻ കഴിയാത്ത സ്ഥിതിയുമുണ്ട്.
ആറ്റിലെ പായലും പുല്ലും ചീഞ്ഞ് രൂക്ഷമായ ദുർഗന്ധവും ഉയരുന്നുണ്ട്. ഈ വെള്ളം ഉപയോഗിക്കുന്നവർക്ക് ചൊറിച്ചിൽ അനുഭവപ്പെടുന്നതായി പരാതിയുണ്ട്. ജലം മലിനമായതോടെ സമീപത്തെ വീട്ടുകാർക്ക് വെള്ളം ഉപയോഗിക്കാൻ കഴിയുന്നില്ല. വെള്ളം മലിനമായതോടെ കുടിവെള്ളപ്രശ്നം രൂക്ഷമായി.
കുളിക്കാനോ മറ്റാവശ്യങ്ങൾക്കോ വെള്ളം ഉപയോഗിക്കാൻ കഴിയുന്നില്ല. ജലപാത ആഴം കൂട്ടാൻ നടപടിയില്ലാത്തതും ബോട്ട് യാത്രയ്ക്ക് പ്രതിസന്ധി തീർക്കുന്നുണ്ട്.