കോട്ടയം: മൂന്നു വർഷങ്ങൾക്കു മുന്പ് ആരംഭിച്ച കോട്ടയം കെ എസ്ആർടിസി ഡിപ്പോയുടെ നവീകരണപ്രവർത്തനങ്ങൾ നിലച്ചു. ഡിപ്പോയിലെ ഗാരേജ് ഉൾപ്പെടുന്ന ഭാഗമാണ് നവീകരണപ്രവർത്തനങ്ങളുടെ ഭാഗമായി പൊളിച്ചു നീക്കിയത്. തുടർന്ന് ഇവിടെ ഗാരേജ് പണിതെങ്കിലും പിന്നീടുള്ള നവീകരണപ്രവർത്തനങ്ങൾ നിലയ്ക്കുകയാണുണ്ടായത്.
നിർമാണ പ്രവർത്തനങ്ങൾ നിലച്ചതോടെ കെഎസ്ആർടിസി ബസ്സ്റ്റാൻഡ് ശോച്യാവസ്ഥയിലായി. ബസ്സ്റ്റാൻഡിലെ ടാറിംഗ് പൂർണമായും തകർന്നു. ഒന്നാം നന്പർ പ്ലാറ്റ്ഫോമിന്റെ അവസ്ഥ ഏറെ പരിതാപകരമാണ്. ടാറിളകി കൂറ്റൻ കല്ലുകൾ ഉയർന്നു നിൽക്കുകയാണ്. ബസുകൾ സ്റ്റാൻഡിലേക്കു പ്രവേശിക്കുന്ന ഭാഗം വലിയ കുഴിയായി മാറി. ലോ ഫ്ളോർ ബസുകൾ ഉൾപ്പടെയുള്ളവുടെ അടിവശം തട്ടുന്നതുമൂലം കേടുപാടുകൾ ഉണ്ടാകുന്നതും പതിവാണ്.
രാത്രിയിൽ യാത്രക്കാർ കല്ലുകളിൽതട്ടി വീഴുന്നതും പതിവാണ്. ദിവസവും ആയിരക്കണക്കിനു യാത്രക്കാർ എത്തുന്ന സ്റ്റാൻഡിൽ രാത്രികാലങ്ങളിൽ ആവശ്യത്തിനു വെളിച്ചമില്ലെന്ന പരാതിയുമുണ്ട്. നിലവിൽ കൂടുതൽ ബസുകളും പാർക്ക് ചെയ്യുന്നതു രണ്ടാം നന്പർ പ്ലാറ്റ്ഫോമിലാണ്.രാത്രിയിൽ ട്രിപ്പു കഴിഞ്ഞെത്തുന്ന ബസുകൾ കൂടി ഇവിടെ പാർക്ക് ചെയ്യുന്നതോടെ പിന്നീടെത്തുന്ന ബസുകൾ സ്റ്റാൻഡിനു സമാന്തരമായാണ് പാർക്ക് ചെയ്യുന്നത്.
ചില സമയങ്ങളിൽ ബസുകൾ നേരിട്ട് രണ്ടാം നന്പർ പ്ലാറ്റ് ഫോമിലൂടെ പ്രവേശിക്കുന്നതു അപകടങ്ങൾക്കും ഗതാഗതക്കുരുക്കിനും കാരണമാകുന്നുണ്ട്. ബസ്സ്റ്റാൻഡിലെ കെട്ടിടത്തിന്റെ പടിക്കെട്ടുകളും പൊളിഞ്ഞു തുടങ്ങി. ഗാരേജ് നിർമാണം പൂർത്തിയാക്കിയശേഷം പുതിയ കെട്ടിട സമുച്ചയം ഉൾപ്പെടെയുള്ളവ നിർമിക്കേണ്ടതാണെങ്കിലും നടപടികൾ ഇഴഞ്ഞുനീങ്ങുകയാണ്.