കോട്ടയം: കുരുതിക്കളമായി കെഎസ്ആർടിസി ബസ് സ്റ്റാൻഡ്. പുതിയ ബസ് സ്റ്റാൻഡ് കെട്ടിടത്തിന്റെ അശാസ്ത്രീയ നിർമാണമാണ് അപകടം വർധിക്കാൻ കാരണമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ബസ് നിർത്തിയിടുന്നതിനും യാത്രക്കാർക്ക് കയറാനുമിറങ്ങാനും പ്രത്യേക ട്രാക്ക് ഇല്ലാത്തതുമാണു പലപ്പോഴും അപകടം ക്ഷണിച്ചുവരുത്തുന്നത്.
നേരത്തെ സ്റ്റാൻഡിൽ രണ്ട് പ്ലാറ്റ് ഫോമാണ് ഉണ്ടായിരുന്നത്. ബസുകൾ ഏത് പ്ലാറ്റ് ഫോമിൽ എത്തുമെന്നു യാത്രക്കാർക്ക് അറിവുണ്ടായിരുന്നു. നിലവിൽ ഒറ്റ പ്ലാറ്റ് ഫോം മാത്രമാണുള്ളത്. സ്റ്റാൻഡ് പിടിച്ചിരിക്കുന്ന ബസ് ഇറങ്ങിയതിനു ശേഷം മാത്രമാണ് പിന്നാലെ വരുന്ന ബസുകൾക്ക് പ്ലാറ്റ് ഫോമിലേക്ക് കയറാൻ സാധിക്കൂ.
ബസുകൾക്ക് സ്റ്റാൻഡിലേക്ക് കയറാൻ കഴിയാതെ വരുന്പോൾ എംസി റോഡിൽ ഗതാഗത കുരുക്കിനും കാരണമാകും. സമാനമായ രീതിയിൽ മുൻപും പല അപകടങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും അധികൃതർ ഗൗനിച്ചിരുന്നില്ല.
ബസിന് ഓട്ടമാറ്റിക് വാതിൽ ഇല്ലാതിരുന്നതും ഇന്നലത്തെ അപകടത്തിനു കാരണമായി. വാതിൽ ഉണ്ടായിരുന്നെങ്കിൽ യാത്രികനു സ്വന്തം ഇഷ്ടത്തിന് വാതിൽ തുറക്കാനാവില്ല. ബസ് നിർത്തിയതിനു ശേഷം ഡ്രൈവർക്കു മാത്രമേ വാതിൽ തുറക്കാനാവൂ.