കോട്ടയം: കോട്ടയത്ത് എംപാനൽ കണ്ടക്ടർമാരെ പിരിച്ചുവിടൽ ആരംഭിച്ചു. ഉച്ചയ്ക്കു തുടങ്ങുന്ന ട്രിപ്പിൽ എംപാനൽ കണ്ടക്ടർമാർ പോകേണ്ടതില്ലെന്ന അറിയിപ്പ് നല്കിയിട്ടുണ്ട്. അതേ സമയം രാവിലെ സർവീസിനു പോയ ബസുകളിലെ എംപാനൽ കണ്ടക്ടർമാരോട് നാളെ മുതൽ ജോലിക്ക് ഹാജരാകേണ്ടതില്ലെന്ന് അറിയിച്ചു. പിരിച്ചുവിടൽ സംബന്ധിച്ച് ചീഫ് ഓഫീസിൽ നിന്ന് ഒരുത്തരവും ലഭിച്ചിട്ടില്ലെന്നും ഫോണിൽ ലഭിച്ച നിർദേശം മാത്രമാണുള്ളതെന്നും ഡിടിഒ പറഞ്ഞു.
കോട്ടയം ജില്ലയിൽ ആകെ 367 എംപാനൽ കണ്ടക്ടർമാരാണുള്ളത്. ഇവരിൽ പത്ത് വർഷം പൂർത്തിയാക്കിയവരുമുണ്ട്. ആരെയാണ് ഒഴിവാക്കേണ്ടതെന്ന കാര്യത്തിൽ വ്യക്തമായ നിർദേശം നല്കാത്തതിനാൽ എല്ലാവരും നാളെ മുതൽ ജോലിക്ക് ഹാജരാകേണ്ട എന്ന നിർദേശമാണ് നല്കിയിരിക്കുന്നത്. പാലാ-81, കോട്ടയം-92, പൊൻകുന്നം -32, എരുമേലി -30, ഈരാറ്റുപേട്ട-47, വൈക്കം-42, ചങ്ങനാശേരി-43 എന്നിങ്ങനെയാണ് കോട്ടയം ജില്ലയിലെ ഡിപ്പോകളിലെ എംപാനൽ കണ്ടക്ടർമാരുടെ കണക്ക്.
കോട്ടയത്തു നിന്നുള്ള പന്പ സ്പെഷൽ സർവീസ് പ്രതിസന്ധിയിലാകും. പന്പ സർവീസിനായി കോട്ടയത്തെത്തിയ 25 കണ്ടക്ടർമാരിൽ 19 പേർ എംപാനൽകാരാണ്. ഇത്രയും പേർ മടങ്ങുന്ന സാഹചര്യത്തിൽ ശബരിമല തീർഥാടകർ വലയും. കോട്ടയത്തുനിന്നും ദിവസം 50 സ്പെഷൽ സർവീസുകളാണു പന്പയിലേക്കും തിരിച്ചും നടത്തുന്നത്.
പന്പയിൽ സ്പെഷൽ ഡ്യൂട്ടിക്ക് എത്തിയ 60 കണ്ടക്ടർമാരിൽ 40 പേരും എംപാനലുകാരാണ്. ഈ സാഹചര്യത്തിൽ ശബമല തീർഥാടനം കടുത്ത പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. ഇന്നുച്ചകഴിഞ്ഞ് പന്പയിലേക്കുള്ള ബസ് സർവീസ് മുടങ്ങാനാണ് സാധ്യത. കെഎസ്ആർടിസിയുടെ മറ്റു സർവീസുകളും അവതാളത്തിലാകും.
വിവിധ ഡിപ്പോകളിൽ 50 ശതമാനം മുതൽ 65 ശതമാനം വരെ സർവീസുകൾ മുടങ്ങുമെന്നാണ് സൂചന. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലായി 120 ബസുകൾ മുടങ്ങും. കുമളി ഡിപ്പോയിലെ 111 കണ്ടക്ടർമാരിൽ 66 പേർ എംപാനലാണ്. കുമളിയിൽനിന്നുള്ള 50 സർവീസുകളിൽ പകുതിയും മുടങ്ങുന്ന സാഹചര്യമുണ്ടായാൽ കോട്ടയത്തേക്കുള്ള സർവീസിനെ സാരമായി ബാധിക്കും. കോട്ടയത്തേക്കു കൂടുതൽ സർവീസുള്ള ആലപ്പുഴ, മല്ലപ്പള്ളി, എറണാകുളം ഡിപ്പോകളിലും ഇതുതന്നെയാണ് സ്ഥിതി.
കോട്ടയം-കുമളി സെക്ടറിൽ പൂർണമായി ബസുകൾ മുടങ്ങും. ആറു മാസത്തിനുള്ളിൽ കട്ടപ്പന, കുമളി റൂട്ടുകളിലെ 20 സ്വകാര്യ ബസുകൾ നിലച്ചതിനു പിന്നാലെ കഐസ്ആർടിസി മുടങ്ങുന്നത് യാത്രക്കാരെ വലയ്ക്കും. തമിഴ് നാട്ടിലേക്കുള്ള യാത്രക്കാർക്കു മറ്റൊരു മാർഗവുമില്ലാത്ത സ്ഥിതിയുണ്ടാകും.രാത്രി ഏഴിനുശേഷം കുമളി, കട്ടപ്പന റൂട്ടികളിലേക്കും തിരികെ കോട്ടയത്തിനും കഐസ്ആർടിസി മാത്രമെയുള്ളു. ഇത്രയും ബസുകൾ നിലച്ചാൽ രാത്രി ഹൈറേഞ്ച് റൂട്ടിൽ ബസുകളൊന്നും ഓടാത്ത സാഹചര്യമാണുണ്ടാകുക.
ഓർഡിനറി ബസുകൾ മുടക്കി ഫാസ്റ്റ്, സൂപ്പർഫാസ്റ്റ് ബസുകൾ മാത്രമെ ഓടിക്കാനിടയുള്ളു. ഈ സാഹചര്യത്തിൽ ഗ്രാമീണ മേഖലയിലേക്കുള്ള ഓർഡിനറി ബസുകളുടെ മുടക്കം ഒട്ടേറെപ്പേരെ വലയ്ക്കും. ഘട്ടംഘട്ടമായി ഓർഡിനറി ബസുകൾ നിറുത്താനുള്ള നീക്കമാണെന്നറിയുന്നു. ഓർഡനറി സർവീസിൽ വന്നതുപോലെ സിംഗിൽ ഡ്യൂട്ടി ഫാസ്റ്റ് സർവീസുകളിലും കൊണ്ടുവരാനാണ് നീക്കം.
അങ്ങനെയെങ്കിൽ ദീർഘദൂര ബസുകളുടെ ഓട്ടവും താറുമാറാകും. 2013 ഒക്ടബറിനുശേഷം വന്ന എംപാനൽകാരെയാണു പിരിച്ചുവിടുന്നത്. പിഎസ്സി വഴിയുള്ള പുതിയ നിയമനം നടത്തുകയോ ഇവർക്കു പരിശീലനം നൽകുകയോ ചെയ്യുന്നതിനു മുന്പു തിടുക്കത്തിൽ എംപാനൽകാരെ പിരിച്ചുവിടുന്നതു കേരളത്തെ നിശ്ചലമാക്കുന്ന സാഹചര്യം സൃഷ്ടിക്കും.