കോട്ടയം: കോട്ടയം-കുമരകം റോഡിന്റെ നവീകരണത്തിനു തുടക്കമായി. ബേക്കർ ജംഗ്ഷൻ മുതൽ അറുപുഴ വരെയുള്ള ലോവർ ബസാർ റോഡ് ആധുനികവത്കരിക്കുന്നതിനുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഇന്നു തുടക്കമായി. ഇന്നു രാവിലെ 9.30നു തിരുവഞ്ചൂർ രാധാകൃഷ്ണൻ എം. എൽഎ ബേക്കർ ജംഗ്ഷനിൽ ഉദ്ഘാടനം ചെയ്തു. ലോവർ ബസാർ റോഡിന്റെ നവീകരണത്തിനാവശ്യമായ തുക നേരത്തെ തന്നെ അനുവദിച്ചിട്ടുള്ളതാണ്.
6.5 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് ഇപ്പോൾ നടത്തുന്നത്. ആലുംമൂട് പാലം മുതൽ റോഡ് വീതികൂട്ടുന്നതിന് ആവശ്യമായ ഭൂമി കഴിഞ്ഞ സർക്കാരിന്റെ കാലത്തുതന്നെ ഏറ്റെടുത്തിട്ടുള്ളതാണ്. ബേക്കർ ജംഗ്ഷൻ മുതൽ ഇല്ലിക്കൽ പാലം വരെയാണു ആദ്യറീച്ച് നിർമാണം. ഇതിൽ ബേക്കർ ജംഗ്ഷൻ മുതൽ താഴത്തങ്ങാടി പാലം വരെ ആദ്യഘട്ട നിർമാണം നടക്കും.