സൂപ്പർഹിറ്റ് ചിത്രം കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം ഒരുങ്ങുമെന്ന് നടന്മാരായ മമ്മൂട്ടി, ദുൽഖർ സൽമാൻ നിർമാതാവ് വിജയ് ബാബു സംവിധായകൻ മിഥുൻ മാനുവൽ തുടങ്ങിയവർ അറിയിച്ചിരുന്നു. എന്നാൽ ഇതിനായി തങ്ങളെ ആരും സമീപിച്ചിട്ടില്ലെന്നും അനുമതിയില്ലാതെ ആരെങ്കിലും ചിത്രം നിർമിച്ചാൽ അത് തടയുമെന്നും ചിത്രത്തിന്റെ നിർമാതാവായ എം. മണി അറിയിച്ചു.
സിനിമയുടെ രണ്ടാം ഭാഗം നിർമിക്കാൻ ആവശ്യമായ റൈറ്റ്സ് നിയമപരമായി ആരും തങ്ങളിൽ നിന്നും വാങ്ങിയിട്ടില്ലെന്നും കോട്ടയംകുഞ്ഞച്ചന്റെ പിന്നണി പ്രവർത്തകർ അറിയിച്ചു. മാത്രമല്ല ആദ്യ സിനിമയുടെ പേരും പോസ്റ്ററുകളും രണ്ടാം ഭാഗത്തിനായി ഉപയോഗിച്ചതിനെ നിയമപരമായി നേരിടുമെന്നും അവർ അറിയിച്ചു.
കോട്ടയം ചെല്ലപ്പനെന്നോ കോട്ടയം കുഞ്ഞപ്പനെന്നോ മറ്റ് പേര് ഉപയോഗിച്ചു സിനിമ നിർമിച്ചോളു എന്നും സംവിധായകൻ സുരേഷ് ബാബു നിർദ്ദേശിച്ചു. കൂടാതെ ഇവർ മമ്മൂട്ടിയെ തെറ്റിദ്ധരിപ്പിച്ചതാണെന്നും ഇവർ കൂട്ടിച്ചേർത്തു.
കോട്ടയം കുഞ്ഞച്ചൻ രണ്ടാം ഭാഗം ഉപേക്ഷിക്കുന്നതായും എന്നാൽ കോട്ടയം പശ്ചാത്തലമായുള്ള മറ്റൊരു മമ്മൂട്ടി ചിത്രം തയ്യാറാക്കുമെന്നും നിർമാതാവും നടനുമായ വിജയ് ബാബു അറിയിച്ചു. ജയസൂര്യ നായകനായി എത്തിയ ആട് 2 വിന്റെ നൂറാം ദിനാഘോഷത്തിലായിരുന്നു കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം താൻ ഒരുക്കുമെന്ന് സംവിധായകൻ മിഥുൻ മാനുവൽ തോമസ് അറിയിച്ചത്.
തുടർന്ന് സോഷ്യൽമീഡിയായിൽ ചിത്രത്തെ വരവേറ്റ് നിരവധി പോസ്റ്റുകളും പ്രചരിച്ചിരുന്നു. എന്നാൽ ഏവരെയും നിരാശരാക്കുകയാണ് ചിത്രത്തെ സംബന്ധിച്ച പുതിയ വാർത്ത.