കോട്ടയം: നാഗന്പടം പോപ്പ് മൈതാനിയിൽ തുന്പൂർമൂഴി മോഡൽ എയ്റോബിക് കന്പോസ്റ്റ് യൂണിറ്റ് സ്ഥാപിച്ചതിന് തൊട്ടടുത്ത് മറ്റ് രണ്ടു പദ്ധതികളുടെ പ്ലാന്റ് തുരുന്പെടുത്തു നശിക്കുന്നു. 2013-14 വർഷം ജനകീയാസൂത്രണ പദ്ധതിയിൽ ആരംഭിച്ച ഖരമാലിന്യ സംസ്കരണ പ്ലാന്റുകളാണ് പ്രവർത്തന രഹിതമായി വെറുതെ കിടക്കുന്നത്.
ഒന്ന് അന്നത്തെ നഗരസഭാ ചെയർമാൻ എം.പി.സന്തോഷ് കുമാറും മറ്റൊന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയും ഉദ്ഘാടനം ചെയ്തതാണ്. ഉദ്ഘാടനം കഴിഞ്ഞ് ഏതാനും മാസം പ്രവർത്തിച്ച പ്ലാന്റ് പിന്നീട് ചലനമറ്റു. ലക്ഷങ്ങളാണ് രണ്ടു പദ്ധതികൾക്കുമായി ചെലവഴിച്ചത്.
പ്രവർത്തന രഹിതമായി കിടക്കുന്ന ഒരു പ്ലാന്റിലെ ഉപകരണങ്ങൾ മിക്കവയും നഷ്ടപ്പെട്ടു. തുറസായി കിടക്കുന്ന സ്ഥലത്ത് സ്ഥാപിച്ച ഉപകരണങ്ങൾ സംരക്ഷിക്കാനോ സൂക്ഷിക്കാനോ ആരുമില്ല. ഇവിടം ഇപ്പോൾ മദ്യപാനികളുടെ കേന്ദ്രമായി മാറി. ധാരാളം മദ്യക്കുപ്പികൾ ഇതിനുള്ളിൽ കണ്ടെത്തി.
ഒരാഴ്ച മുൻപ് ആരംഭിച്ച തുന്പൂർമൂഴി സംസ്കരണ പദ്ധതിയും ഇതുപോലെ ആകുമോ എന്ന ആശങ്ക നഗരവാസികൾക്കുണ്ട്. നല്ല പദ്ധതികളാണ് തുടങ്ങുന്നതെങ്കിലും അധിക നാൾ ആയുസില്ല എന്നതാണ് മുൻ അവസ്ഥ.
കോട്ടയം നഗരസഭയുടെ മാലിന്യ സംസ്കരണ പദ്ധതിച ഉദ്ഘാടനം നടത്തി, പക്ഷേ പ്രവർത്തനം തുടങ്ങിയിട്ടില്ല
കോട്ടയം: നഗര പ്രദേശങ്ങളിലെ ജൈവ മാലിന്യങ്ങൾ സംസ്കരിക്കുന്നതിന് കോട്ടയം നഗരസഭ തുന്പൂർമൂഴി മോഡൽ സംസ്കരണ പദ്ധതി ആരംഭിച്ചു. നാഗന്പടം പോപ്പ് മൈതാനിയിൽ സ്ഥാപിച്ച എയ്റോബിക് കന്പോസ്റ്റ് യൂണിറ്റ് ചെയർപേഴ്സണ് ഡോ.പി.ആർ.സോന ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനം കഴിഞ്ഞ് ഒരാഴ്ചയായിട്ടും പ്രവർത്തനം ആരംഭിച്ചിട്ടില്ല.
നഗരത്തിൽനിന്ന് ശേഖരിക്കുന്ന ജൈവമാലിന്യങ്ങൾ ഇവിടെ സംസ്കരിക്കും. വീടുകളിൽ നിന്നും വ്യാപാര സ്ഥാപനങ്ങളിൽ നിന്നും എത്തിക്കുന്ന മാലിന്യമാണ് ഇവിടെ സംസ്കരിക്കപ്പെടുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ 9.42 കോടിയുടെ സ്വച്ഛ്ഭാരത് മിഷൻ പദ്ധതിയാണ് കോട്ടയം നഗരസഭ നടപ്പിലാക്കുന്നത്.
വിവിധ വാർഡുകളിലായി 62 ചേന്പർ തുന്പൂർമൂഴി ബിന്നുകൾ പ്രവർത്തിക്കുന്നുണ്ട്. ഇതിനു പുറമേ 46 സ്ഥലങ്ങളിലായി 276 ബിന്നുകൾ കൂടി സ്ഥാപിക്കാനാണ് തീരുമാനം. ഇതോടെ നഗരത്തിലെ മാലിന്യ പ്രശ്നം പരിഹരിക്കപ്പെടുമെന്നാണ് കരുതുന്നത്.