കോട്ടയം: ജില്ലയിലെ മൂന്നു മണ്ഡലത്തിലെ സിപിഎം സ്ഥാനാർഥികളുടെ പട്ടിക ഉടൻ തയാറാകും. കോട്ടയം, ഏറ്റുമാനൂർ, പുതുപ്പള്ളി മണ്ഡലങ്ങളിലെ സ്ഥാനാർഥികളുടെ പട്ടികയാണ് സിപിഎം ജില്ലാ നേതൃ യോഗങ്ങളിൽ തയാറാക്കുന്നത്.
നേതൃയോഗം ബുധൻ, വ്യാഴം ദിവസങ്ങളിലാണ് നടക്കും. ബുധനാഴ്ച ജില്ലാ സെക്രട്ടറിയേറ്റും വ്യാഴാഴ്ച ജില്ലാ കമ്മിറ്റിയുമാണ് ചേരുന്നത്. യോഗത്തിൽ നിർദേശിക്കുന്ന സ്ഥാനാർഥികളുടെ പട്ടിക സംസ്ഥാന നേതൃത്വത്തിനു കൈമാറും. സംസ്ഥാന നേതൃത്വത്തിന്റെ നിർദേശത്തെ തുടർന്ന് നിയോജക മണ്ഡലം കമ്മറ്റി ചർച്ച ചെയ്യും.
ഇതിനു ശേഷം സംസ്ഥാന സെക്രട്ടറിയേറ്റ് സ്ഥാനാർഥികളെ പ്രഖ്യാപിക്കുകയും ചെയ്യും.ജില്ലാ സെക്രട്ടറി വി.എൻ. വാസവനും സുരേഷ് കുറുപ്പിനും മത്സരിക്കുന്നതിന് പാർട്ടി സംസ്ഥാന ദേശീയ നേതൃത്വത്തിന്റെ പ്രത്യേകാനുമതി വേണം.
അതു ലഭിക്കാതെ വന്നാൽ കോട്ടയം മണ്ഡലത്തിൽ മീനച്ചിലാർ-മീനന്തലയാർ – കൊടൂരാർ നദീ പുന:സംയോജന പദ്ധതി കോ -ഓർഡിനേറ്ററും ജില്ലാ കമ്മറ്റിയംഗവുമായ കെ. അനിൽ കുമാറോ, ഉത്തരവാദിത്ത ടൂറിസം സംസ്ഥാന മിഷൻ കോ- ഓർഡിനേറ്ററായ കെ. രൂപേഷ് കുമാറോ സ്ഥാനാർഥിയാകും.
ഏറ്റുമാനൂരിൽ അനിൽകുമാറോ, രൂപേഷ് കുമാറോ, മഹേഷ് ചന്ദ്രനോ ആവും സ്ഥാനാർഥിയാവുക. കെ. അനിൽകുമാർ തിരുവാർപ്പ് സ്വദേശിയാണ്. കെ. രൂപേഷ് കുമാർ വൈക്കം സ്വദേശിയാണെങ്കിലും ഉത്തരവാദിത്ത ടൂറിസം മിഷന്റെ ഏറ്റവും പ്രധാന പ്രവർത്തന മേഖല ഏറ്റുമാനൂർ, കോട്ടയം മണ്ഡലങ്ങളിലാണ് എന്നതാണു പരിഗണനാ ലിസ്റ്റിൽ ഇടം പിടിക്കാൻ കാരണം.
മഹേഷ് ചന്ദ്രൻ മുൻ അതിരന്പുഴ ഡിവിഷൻ ജില്ലാ പഞ്ചായത്തംഗവും ഡിവൈ എഫ്ഐ നേതാവുമാണ്.പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിക്ക് എതിരെ മത്സരിക്കുന്നതിനായി മുൻ എസ്എഫ്ഐ നേതാവ് എൽദോ മാത്യൂസിനെ മത്സരിപ്പിക്കാനും ആലോചനയുണ്ട്.
ഇപ്പോൾ ചെന്നൈയിൽ താമസിക്കുന്ന ഇയാളെ മത്സരിപ്പിക്കുന്നതിനോട് പ്രാദേശിക നേതൃത്വത്തിനു കടുത്ത എതിർപ്പുണ്ട്. ജെയ്ക് സി. തോമസ് വീണ്ടും മത്സരിക്കുന്നതിനോടാണ് പ്രാദേശിക നേതൃത്വത്തിനും ജില്ലാ നേതൃത്വത്തിനും താത്പര്യം. റജി സഖറിയയുടെ പേരും കെ.എം. രാധാകൃഷ്ണന്റെ പേരും പരിഗണനയിലുണ്ട്.
നിലവിലെ ലിസ്റ്റിൽ പേരില്ലെങ്കിലും പി.കെ. ഹരികുമാറിനെയും ഏറ്റുമാനൂർ മണ്ഡലത്തിൽ പരിഗണിക്കുന്നുണ്ട്. നേതൃയോഗത്തിലായിരിക്കും സ്ഥാനാർഥിയാക്കേണ്ടവരുടെ അന്തിമ പട്ടിക തയാറാക്കുന്നത്.