കോട്ടയം: കോട്ടയം പോലീസിന്റെ തൊപ്പിയിൽ ഒരു പൊൻതൂവൽകൂടി. ഒരു തെളിവും ഇല്ലാതിരുന്ന കൊലക്കേസിന് മണിക്കൂറുകൾക്കകം തുന്പുണ്ടാക്കി പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ കഴിഞ്ഞു എന്നതാണ് അഭിനന്ദനം അർഹിക്കുന്നത്. എസ്പി മുതൽ സാധാരണ പോലീസുകാർ വരെ ഇക്കാര്യത്തിൽ ഉണർന്നു പ്രവർത്തിച്ചു എന്നതാണ് ഈ കേസിന്റെ വിജയം. ഉൗരും പേരും അറിയാത്ത തലയില്ലാത്ത മൃതദേഹം.
അതും രണ്ടു കഷണമായി ചാക്കിൽ പൊതിഞ്ഞ് കണ്ടെത്തിയെന്നാണ് ആദ്യ കേസ്. മൃതദേഹം അഴുകിയതായതിനാൽ ശരീരത്തിലെ തെളിവ് പോലും കണ്ടെത്താനായില്ല. ഇത്തരമൊരു കേസിന് മണിക്കൂറുകൾക്കകം തുന്പുണ്ടാക്കി എന്നതാണ് പോലീസിന്റെ കഴിവ് വ്യക്തമാക്കുന്നത്. കാണാതായവരെ സംബന്ധിച്ച വിവരം, കിട്ടിയ മുണ്ടും ഷർട്ടും ആരെങ്കിലും കണ്ടിട്ടുണ്ടോ ഇങ്ങനെയായിരുന്നു ആദ്യ അന്വേഷണം.
സന്തോഷിനെ ഏതാനും ദിവസങ്ങളായി കാണാനില്ല എന്ന വിവരം പോലീസിന് ലഭിച്ചതോടെ ആദ്യ തുന്പായി. അടുത്തത് സന്തോഷിന്റെ മൊബൈൽ ഫോണിലേക്ക് വന്ന കോളിനെക്കുറിച്ചായിരുന്നു. അത് പ്രതി കുഞ്ഞുമോളുടേതാണെന്നും മറ്റുമുള്ള വിവരങ്ങൾ കിട്ടിയതോടെ അടുത്ത നിമിഷം കുഞ്ഞുമോളെയും ഭർത്താവ് വിനോദിനെയും പോലീസ് പൊക്കി. പിന്നെയുള്ള ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിക്കുകയായിരുന്നു.
അതിലും പോലീസ് തന്ത്രം പയറ്റി. ഭാര്യയെയും ഭർത്താവിനെയും രണ്ടിടത്തു നിർത്തിയായിരുന്നു ചോദ്യം ചെയ്യൽ. ഭാര്യയോട് പറഞ്ഞത് , ഭർത്താവ് എല്ലാം പറഞ്ഞു. നീ പ്രതിയാകാതിരിക്കണമെങ്കിൽ എല്ലാ സത്യവും പറഞ്ഞോളൂവെന്ന്. തിരിച്ച് ഭർത്താവിനോടും ഇതേ തന്ത്രം ആവർത്തിച്ചു. അങ്ങനെ ഇരുവരിൽ നിന്നും രഹസ്യം ചോർത്തി.