കോട്ടയം: കോവിഡ് വ്യാപന ആശങ്ക ജില്ലയിൽ വർധിച്ചു വരുന്നതിനാൽ ടൗണുകളിലെയും നിരത്തുകളിലെയും അനധികൃത വ്യാപാരം നിരോധിച്ചേക്കും. ആദ്യഘട്ടമായി കോട്ടയം ശീമാട്ടി ജംഗ്ഷൻ മുതൽ മത്സ്യമാർക്കറ്റ് വരെയുള്ള നിരത്തു കച്ചവടക്കാരെ നഗരസഭയുടെ ചുമതലയിൽ ഒഴിപ്പിക്കും.
ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെ പോലീസ് സംരക്ഷണയിൽ തദ്ദേശസ്ഥാപനങ്ങൾക്കായിരിക്കും വിവിധ കേന്ദ്രങ്ങളിൽ ഒഴിപ്പിക്കൽ ചുമതല. കോവിഡ് വ്യാപനം നിയന്ത്രണ പരിധിക്കപ്പുറം കടന്നാൽ ഉടൻ കർക്കശ നടപടിയുണ്ടാകും.
നഗരങ്ങളിലെ ഫുട്പാത്തുകളിലും വഴിയോരങ്ങളിലും ജനങ്ങൾ തിക്കിത്തിരക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിന്റെ ഭാഗമായി പഴം, മത്സ്യം, പച്ചക്കറി തുടങ്ങിയ നിരത്തു കച്ചവടക്കാരെയും ഉന്തുവണ്ടിക്കാരെയും അടുത്തയാഴ്ച പൂർണമായി ഒഴിപ്പിക്കാനാണ് നീക്കം.
ജില്ലയിൽ അടുത്തയാഴ്ച മുതൽ കോവിഡ് വ്യാപനത്തിന് വേഗസാധ്യത കാണുന്നതിനാൽ അടിയന്തിര നടപടിയെന്നോണം കടകന്പോളങ്ങളിലും ബസ് സ്റ്റാൻഡുകളിലും ജനങ്ങൾ കൂട്ടം കൂടുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തും.
വഴിയോര വാണിഭം നിരോധിക്കുന്നതിനൊപ്പം ഇവരുടെ താൽക്കാലിക ഷെഡുകളും കച്ചവടസാമഗ്രികളും നീക്കം ചെയ്യാനും ഒന്നിവിടവിട്ട ദിവസങ്ങളിൽ നഗരപാതകളിലും മാർക്കറ്റുകളിലും അണുനശീകരണം നടത്താനുമാണ് നീക്കം.
കേരളത്തിലും പുറത്തും കോവിഡ് രോഗികളുടെ എണ്ണം പെരുകിയിരിക്കുന്ന കേന്ദ്രങ്ങളിൽനിന്ന് സാധനങ്ങളുമായി വാഹനങ്ങളും കച്ചവടക്കാരും ഏജൻസികളും മാർക്കറ്റുകളിൽ എത്തുന്ന സാഹചര്യം രോഗവ്യാപനത്തിന് കാരണമാകുന്നാണ് ആരോഗ്യവകുപ്പ് മുന്നറിയിപ്പു നൽകുന്നത്.
പൂന്തുറ, കന്യാകുമാരി, ആലപ്പുഴ എന്നിവിടങ്ങളിൽനിന്ന് മീൻവണ്ടികൾ വരുന്നതിനു നിലവിൽ നിരോധനമുണ്ട്. സ്റ്റേഷനറി, ലോട്ടറി തുടങ്ങിയ സാധനങ്ങൾ ബസുകളിലും കവലകളിലും കൊണ്ടുനടന്നു വില്ക്കുന്നതിനും നിയന്ത്രണം ആലോചനയിലാണ്.
എല്ലാ വ്യാപാര സ്ഥാപനങ്ങളിലും അകലം പാലിക്കാനുള്ള നിർദേശവും വരും. വാഹനങ്ങളിലും നേരിട്ടും സാധനങ്ങൾ വീടുകൾ തോറും കൊണ്ടുനടന്നു വിൽക്കുന്നവരെയും നിയന്ത്രിക്കും.