കോട്ടയം: നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടും കോട്ടയം ജില്ലയിൽ മാസ്ക് ധരിക്കാത്തവരുടെയും സാമൂഹിക അകലം പാലിക്കാത്തവരുടെ എണ്ണം വർധിച്ചുവരുന്നതായി പോലീസ്.
ദിവസവും നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ നിരവധി കേസുകളാണ് രജിസ്റ്റർ ചെയ്യുന്നത്. കഴിഞ്ഞ 18 മുതൽ 22 വരെ ജില്ലയിൽ 5996 പേർക്കെതിരെയാണ് മാസ്ക് ധരിക്കാത്തതിനു പോലീസ് കേസെടുത്തത്.
മാസ്ക് ധരിക്കാത്തവർക്കും സാമൂഹിക അകലം പാലിക്കാത്തവർക്കും 500 രൂപയാണു പിഴ. ക്രിമിനൽ കേസുകളാണ് നിയമ ലംഘകർക്കെതിരെ എടുക്കുന്നത്.
തൽസമയം പിഴയടയ്ക്കാത്ത കേസുകൾ കോടതിയ്ക്കു കൈമാറുകയാണു ചെയ്യുന്നത്.മാസ്ക് ശരിയായ രീതിയിൽ വയ്ക്കാതിരിക്കുക, താടിയിലേക്ക് താഴ്ത്തി വയ്ക്കുക, കടകളിലും ഓഫീസുകളിലും മാസ്ക് ഉൗരി മേശപ്പുറത്തു വയ്ക്കുക തുടങ്ങിയ നിയമലംഘനങ്ങൾക്കെതിരെയാണു കേസെടുത്തിരിക്കുന്നത്.
പൊതുസ്ഥലങ്ങളിലും പൊതുജനങ്ങൾ കൂടുതൽ എത്തുന്ന സ്ഥലങ്ങളിലും പോലീസ് നടത്തിയ പരിശോധനയിൽ സാമൂഹിക അകലം പാലിക്കാത്തവർക്കെതിരെയും നടപടിയെടുത്തിട്ടുണ്ട്.
രാത്രി കർഫ്യുവിൽ റോഡുകളിൽ പോലീസ് പരിശോധനയുണ്ട്. അനാവശ്യമായി പുറത്തിറങ്ങുന്നവരെ പോലീസ് പിടികൂടുകയും ഇവർക്കെതിരെ പിഴ ചുമത്തുകയും കേസെടുക്കുകയും ചെയ്യുന്നതടക്കമുള്ള നടപടികളും സ്വീകരിക്കുന്നുണ്ട്.
ഇതിനു പുറമെ കടകളിൽ സെക്ടറൽ മജിസ്ട്രേറ്റുമാരുടെ പരിശോധനകളുമുണ്ട്.