ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ ലിഫ്റ്റുകൾ തകരാറിലായതിനാൽ രോഗികളെ ബന്ധുക്കൾ ചുമന്ന് ഒപിയിൽ എത്തിച്ചു. മാസങ്ങളായി തകരാറിലായ ലിഫ്റ്റ് നന്നാക്കുന്നില്ല. പഴയ അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗികൾക്ക് മുകളിലത്തെ നിലയിലുള്ള വിവിധ ഒപികളിൽ എത്താൻ കഴിയാതെ വലയുകയാണ്.
ഇന്നലെ യൂറോളജി ഒപിയിലേക്ക് വന്ന രോഗികളെ ബന്ധുക്കൾ ചൂമന്നാണ് ഡോക്ടർക്കു മുന്നിലെത്തിച്ചത്.
ചികിത്സയുടെ ഭാഗമായി മൂത്രനാളത്തിൽ ട്യൂബ് ഘടിപ്പിച്ചിട്ടുള്ളതിനാൽ അവർക്ക് യഥേഷ്ടം ചവിട്ടുപടി കയറാൻ കഴിയില്ല. പഴയ അത്യാഹിത വിഭാഗത്തിലെ രണ്ടാം നിലയിൽ ആണ് ന്യൂറോളജി വിഭാഗം ഒ പി പ്രവർത്തിക്കുന്നത്. അതിനാൽ ഇവിടെ എത്തുവാൻ രോഗികൾ പ്രയാസപ്പെടുകയാണ്. രോഗിയോടൊപ്പം കൂടുതൽ ബന്ധുക്കൾ ഉള്ളവർ ചുമന്ന് ഒപിയിൽ എത്തിക്കുകയായിരുന്നു.
പ്രധാന ശസ്ത്രക്രിയ തിയേറ്ററിലേക്കുള്ള രണ്ട് ലിഫ്റ്റുകളിൽ വലിയ ലിഫ്റ്റ് തകരാറിലാണ്. വളരെ പഴക്കം ചെന്ന ഒരു ചെറിയ ലിഫ്റ്റാണിവിടെ പ്രവർത്തിക്കുന്നത്. കഴിഞ്ഞ ദിവസം ശസ്ത്രക്രിയ തീയേറ്ററിലേക്കുള്ള രണ്ട് ലിഫ്റ്റും തകരാറിലായതിനാൽ രേഗികളെ റാന്പ് വഴിയാണ് ശസ്ത്രക്രിയ കഴിഞ്ഞ് തീവ്രപരിചരണ വിഭാഗങ്ങളിലേയ്ക്ക് കൊണ്ടുപോയത്. ഇത് ശരീരത്തിന് ഗുരുതരമായ ആഘാതമുണ്ടായെന്ന പരാതികൾക്കും ഇടയാക്കി.
ലിഫ്റ്റ് കേടായാൽ കന്പനിയുടെ ടെക്നീഷ്യ·ാർ വന്ന് തകരാർ പരിഹരിച്ചു പോയാൽ അടുത്ത രണ്ടു ദിവസത്തിനകം വീണ്ടും തകരാറിലാകുന്ന അവസ്ഥയാണ് തുടരുന്നത്. ലിഫ്റ്റ് അറ്റകുറ്റപണിക്കായി വർഷം തോറും ല്ക്ഷക്കണക്കിന് രൂപയാണ് നഷ്ടപ്പെടുത്തുന്നത്. അറ്റകുറ്റപ്പണിക്ക് ചെലവാക്കുന്ന പണമുണ്ടെങ്കിൽ പുതിയ ലിഫ്റ്റ് സ്ഥാപിക്കാവുന്നതേയുള്ളുവെന്നും പറയുന്നു.