ഗാന്ധിനഗർ: മെഡിക്കൽ കോളജ് ആശുപത്രിയിലെ പേ വാർഡ് കാന്റീൻ ഇനി മുതൽ കുടുംബശ്രീ മിഷന്റെ ചുമതലയിൽ. 40വർഷത്തിലധികമായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ പേ വാർഡ് കെട്ടിടത്തിൽ സ്വകാര്യ വ്യക്തി നടത്തിയിരുന്ന കാന്റീൻ അടപ്പിച്ചു. ഇനി മുതൽ കുടുംബശ്രീ മിഷന്റെ ചുമതലയിൽ നടത്താൻ ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിന് ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ കൂടിയ ആശുപത്രി വികസന സമിതി തീരുമാനമെടുത്തു.
97,675 രൂപ പ്രതിമാസ വാടക കൂടാതെ വെള്ളത്തിന്റെയും വൈദ്യുതിയുടേയും വാടക സർക്കാരിന് നൽകി ഇന്ത്യൻ കോഫി ഹൗസിന് സമീപം സർക്കാർ അനുമതിയോടെ ആശ ുപത്രി കാന്റീൻ പ്രവർത്തിക്കുന്പോഴാണ് ഇതൊന്നും നൽകാതെ സർക്കാർ കെട്ടിടത്തിന്റെ രണ്ടു മുറികൾ സ്വകാര്യ വ്യക്തി പേ വാർഡ് കാന്റീൻ നടത്താൻ ഉപയോഗിച്ചുകൊണ്ടിരുന്നത്.
ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള കേരള ഹെൽത്ത് ആൻഡ് റിസർച്ച് വെൽഫെയർ സൊസൈറ്റിയുടെ (കെഎച്ച്ആർഡബ്ലുഎസ്്) നിയന്ത്രണത്തിലാണ് കേരളത്തിലെ മുഴുവൻ സർക്കാർ ആശുപത്രികളിലെയും പേ വാർഡുകൾ പ്രവർത്തിക്കുന്നത്. അതിനാൽ സൊസൈറ്റിയുടെ ദൈനംദിന പ്രവർത്തനത്തിൽ ആരോഗ്യ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള മെഡിക്കൽ കോളജ് ആശുപത്രി അധികൃതർക്ക് ഇടപെടാൻ അധികാരമില്ല.
എന്നാൽ മൂന്നു വർഷം മുന്പ് തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന സൊസൈറ്റിയുടെ മേധാവികൾ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ തങ്ങളുടെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കാന്റീൻ നിയമപരമായി പ്രവർത്തിക്കുന്നതല്ലെന്നു കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സൊസൈറ്റിയുടെ ചില അധികൃതരെ സ്വാധീനിച്ച് സർക്കാരിലേക്ക് ഒരു രൂപ പോലും കെട്ടിട വാടക നൽകാതെ കാന്റീൻ പ്രവർത്തിച്ചത്.
വെള്ളം, വൈദ്യുതി എന്നിവയുടെ കരവും അടയ്ക്കുന്നില്ലായിരുന്നു. ആശുപത്രിക്ക് ലഭിക്കുന്ന വെള്ളവും, വൈദ്യുതിയുമാണ് കാന്റീൻ പ്രവർത്തിപ്പിക്കുന്നതിന് ഉപയോഗിക്കുന്നതെന്നും കണ്ടെത്തി. പിന്നീട് പേ വാർഡ് മുറികൾ കാന്റീൻ ആയി ഉപയോഗിക്കുന്നത് അവസാനിപ്പിച്ച് ഒഴിഞ്ഞു തരണമെന്നാവശ്യപ്പെട്ട് അധികൃതർ കത്ത് നൽകി.
എന്നാൽ ഇതിനെതിരെ കാന്റീൻ ഉടമ കോടതിയെ സമീപിച്ചു കാന്റീൻ തുറന്ന് പ്രവർത്തിക്കുന്നതിനുള്ള അനുമതി നേടിയെടുത്തുവെങ്കിലും പിന്നീടു വന്ന ഗ വ.പ്ലീഡർമാരുടെ ശക്തമായ വാദത്തെ തുടർന്ന് സർക്കാർ കെട്ടിടം വാടക നൽകാതെ ഉപയോഗിച്ചതായി കണ്ടെത്തുകയും സ്വകാര്യ വ്യക്തി ഒഴിഞ്ഞു പോകാൻ കോടതി നിർദ്ദേശിക്കുകയുമായിരുന്നു.
തുടർന്ന് ജില്ലാ മെഡിക്കൽ ഓഫീസർ മുഖേന കാന്റീൻ അടച്ചു പൂട്ടാൻ നിർദേശം നൽകുകയും അത് നടപ്പിലാക്കുകയുമായിരുന്നു. ആശുപത്രിയിൽ പ്രവർത്തിച്ചിരുന്ന ഈ കാന്റീനിൽ രോഗികൾക്ക് പ്രവേശനമില്ലായിരുന്നു എന്ന പ്രത്യേകതയുമുണ്ട്. ആശുപത്രി നിയന്ത്രണത്തിലുള്ള കാന്റീനിൽ ജീവനക്കാർക്ക് ഇളവു നൽകുകയും നിർധനരായ രോഗികൾക്ക് സൗജന്യമായി രാവിലെ മുതൽ വൈകുന്നേരം വരെ കഞ്ഞി നൽകുകയും ചെയ്യുന്പോഴാണ് ആശുപത്രിയുടെ നിയന്ത്രണത്തിലാണെന്നുള്ള ധാരണയിൽ കാന്റീൻ പ്രവർത്തിച്ചിട്ടും യാതൊരു ആനുകൂല്യവും ആശുപത്രി ജീവനക്കാർക്ക് പേ വാർഡ് കാന്റീനിൽനിന്ന് നൽകാതിരുന്നത്.