ഗാന്ധിനഗർ: നികുതി അടയ്ക്കേണ്ടതിനാൽ ശമ്പളം പിന്നീടു നൽകാമെന്ന് ഓഫീസ് ജീവനക്കാർ. നികുതി അടയ്ക്കേണ്ടാത്തവരുടെ ശന്പളം നൽകുന്നതിൽ കുഴപ്പമില്ലെന്ന് ഓഫീസിലെ തന്നെ മറ്റൊരു വിഭാഗം ജീവനക്കാർ. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ നഴ്സിംഗ് അസിസ്റ്റന്റ്, ലിഫ്റ്റ് ഓപ്പറേറ്റർമാർ എന്നിവർക്കാണ് നികുതി അടവിന്റെ പേരുപറഞ്ഞ് ശന്പളം നൽകാത്തത്.
2017- 18 സാന്പത്തിക വർഷത്തിലെ സർവീസ് നികുതി അടയ്ക്കുന്നതു സംബന്ധിച്ചുള്ള തർക്കം മൂലമാണു ജീവനക്കാരുടെ ശന്പളം നൽകാത്തത്. 162 നഴ്സിംഗ് അസിസ്റ്റന്റുമാരും, 22 ലിഫ്റ്റ് ഓപ്പറേറ്റർമാരുമാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ജോലിചെയ്യുന്നത്.
ഇവരിൽ രണ്ടു വിഭാഗത്തിലും കൂടി 15ൽ താഴെ ജീവനക്കാർക്കു മാത്രമേ നികുതി അടയ് ക്കേണ്ടതുള്ളൂ. ഓഫീസിൽ ശന്പളം വിതരണം ചെയ്യുന്ന വിഭാഗത്തിൽ ആരൊക്കെ വാർഷിക നികുതി അടയ്ക്കേണ്ട വിധം ശന്പളം കൈപ്പറ്റുന്നവരാണെന്ന് അറിയാമെന്നിരിക്കേ നികുതി അടവിന്റെ പേരിൽ മുഴുവൻ പേരുടെയും ശന്പളം നൽകാതെയിരിക്കുകയാണു ചെയ്യുന്നതെന്നു ആശുപത്രി ഓഫീസിലെ ഒരു വിഭാഗം ജീവനക്കാർ കുറ്റപ്പെടുത്തുന്നു.
എന്നാൽ മെഡിക്കൽ കോളജ് ഓഫീസിൽ ജോലി ചെയ്യുന്ന ലിഫ്റ്റ് ജീവനക്കാരുൾപ്പെടെയുള്ള നികുതി അടയ്ക്കേണ്ടാത്ത ഭൂരിപക്ഷം ജീവനക്കാർക്കും കൃത്യസമയത്ത് തന്നെ ഫെബ്രുവരി മാസത്തെ ശന്പളം നൽകിയെന്ന് ആശുപത്രി ജീവനക്കാർ പറഞ്ഞു.
അതേസമയം നികുതി അടയ്ക്കാത്തവരുടെയും അടക്കേണ്ടവരുടെയും ലിസ്റ്റ് വേർതിരിച്ചെടുക്കാതിരുന്നതാണ് ശന്പളം നൽകാതിരിക്കാൻ കാരണമെന്നും അടുത്ത ആഴ്ചയിൽ ശന്പള വിതരണം നടക്കുമെന്നും ഓഫീസ് അറിയിച്ചു.