ഗാന്ധിനഗർ: സ്കാനിംഗ് വേഗത്തിൽ നടത്തിത്തരാമെന്നു പറഞ്ഞ് ആശുപത്രി ജീവനക്കാരൻ ചമഞ്ഞെത്തിയ ആൾ പണം തട്ടിയെന്നു പരാതി. മെഡിക്കൽ കോളജ് ആശുപത്രിയിൽ സിടി സ്കാനിംഗിന് എത്തിയ കട്ടപ്പന സ്വദേശി അരവിന്ദാക്ഷൻ നായരെയാണ് ഇന്നു രാവിലെ ഒരു വിരുതൻ കബളിപ്പിച്ച് 700രൂപ തട്ടിയെടുത്തത്. അരവിന്ദാക്ഷൻ നായരുടെ ഭാര്യയാണ് രോഗി.
സിടി സ്കാനിംഗിന് വിധേയയാകാൻ ഇന്നലെ മെഡിക്കൽ കോളജിലെത്തി ലോഡ്ജിൽ മുറിയെടുത്ത് താമസിക്കുകയായിരുന്നു ഇവർ. ഇന്നാണ് സ്കാനിംഗ്. 103 ആണ് ഇവർക്ക് ലഭിച്ചിരിക്കുന്ന നന്പർ. രാവിലെ ലോഡ്ജിനു പുറത്തേക്ക് ഇറങ്ങി വന്നപ്പോഴാണ് ആശുപത്രി ജീവനക്കാരനാണെന്നു പറഞ്ഞ് ഒരാൾ പരിചയപ്പെട്ടത്. സ്കാനിംഗിനെക്കുറിച്ചും മറ്റും സംസാരിച്ചപ്പോൾ നന്പർ 103 ആണെങ്കിൽ വളരെ വൈകുമെന്നും 1000രൂപ തന്നാൽ പെട്ടെന്നു സ്കാനിംഗ് നടത്താൻ ഏർപ്പാടു ചെയ്യാമെന്നും പറഞ്ഞു.
അരവിന്ദാക്ഷൻ നായർ പുറത്തേക്കു വരുന്പോൾ ലോഡ്ജ് മാനേജരുമായി സംസാരിക്കുന്നതു കണ്ടിരുന്നു. അതിനാൽ ആശുപത്രി ജീവനക്കാരനാകുമെന്നു കരുതി. ആയിരമൊന്നുമില്ല 700 രൂപ തരാമെന്നു പറഞ്ഞു. എങ്കിൽ അതുമതിയെന്നു പറഞ്ഞ് പണം വാങ്ങി. ഉടനെ ഭാര്യയുമായി വന്നാൽ സ്കാനിംഗ് നടത്താമെന്നും പറഞ്ഞു. ഇതു കേട്ട് അരവിന്ദാക്ഷൻ നായർ ലോഡ്ജിലേക്ക് പോയി ഭാര്യയുമായി പുറത്തിറങ്ങി വന്നപ്പോഴേക്കും പണം വാങ്ങിയ ആൾ മുങ്ങിയിരുന്നു.
ലോഡ്ജ് മാനേജർക്ക് പരിചയമുണ്ടെന്നു കരുതി അന്വേഷിച്ചപ്പോൾ ഹോട്ടൽ ജീവനക്കാരനാണെന്നും ഇവിടെ ചില ഹോട്ടലുകളിൽ ജോലി ചെയ്തിട്ടുണ്ടെന്നുമാണ് മാനേജർ പറയുന്നത്. ഇടയ്ക്ക് പണി ചോദിച്ച് എത്താറുണ്ടെന്നും കണ്ടാൽ തിരിച്ചറിയാമെന്നും ലോഡ്ജ് മാനേജർ പറഞ്ഞു. രാവിലെ ലോഡ്ജ് മാനേജരോട് 50 രൂപ കടം ചോദിക്കാൻ വന്നപ്പോഴാണ് അരവിന്ദാക്ഷൻ നായരെ വലയിൽ വീഴ്ത്തിയത്.
ഇതോടെയാണ് സംഭവം തട്ടിപ്പാണെന്ന് ബോധ്യപ്പെട്ടത്. കട്ടപ്പനയിൽ നിന്ന് തലേന്നു വന്ന് ലോഡ്ജിൽ മുറിയെടുത്ത് താമസിച്ച ഇവർ നേരത്തേ സ്കാനിംഗ് നടത്തി പോകാമെന്നു കരുതിയാണ് പണം നല്കിയത്. ഇത്തരം തട്ടിപ്പുകൾ ഇവിടെയുണ്ടെന്ന് കട്ടപ്പന സ്വദേശി അറിഞ്ഞിരുന്നില്ല. എന്തെങ്കിലും സംശയമുണ്ടായിരുന്നുവെങ്കിൽ പണം നല്കില്ലായിരുന്നു. എന്തായാലും ഗാന്ധിനഗർ പോലീസിൽ പരാതി നല്കിയിട്ടുണ്ട്. പാന്റ്സും ഷർട്ടും സ്വർണമാലയും ധരിച്ച യുവാവാണ് തട്ടിപ്പുകാരൻ.