കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രിയിലെ ഇസിജി വിഭാഗത്തിൽ ജോലിചെയ്യുന്ന സ്ഥിരം ജീവനക്കാർ രാത്രികാല ഡ്യൂട്ടി ചെയ്യാൻ വിസമ്മതിക്കുന്നതായി പരാതി. ഈ വിഭാഗത്തിൽ സ്ഥിരം ജീവനക്കാരും താത്കാലിക ജീവനക്കാരുമാണു ജോലി ചെയ്യുന്നത്. സംഭവത്തിൽ ഇടപെട്ട ആശുപത്രി സൂപ്രണ്ട് ഇസിജി വിഭാഗത്തിലെ മുഴുവൻ ജീവനക്കാരെയും വിളിച്ചുവരുത്തി വിവരങ്ങൾ ചോദിച്ചറിഞ്ഞു. താത്കാലിക ജീവനക്കാരുടെ ആക്ഷേപം അന്വേഷിച്ചു തുടർനടപടി സ്വീകരിക്കുമെന്നു അറിയിച്ചിട്ടുണ്ട്.
ഇസിജി വിഭാഗത്തിൽ എട്ടു സ്ഥിരം ജീവനക്കാരും 10 താത്കാലിക ജീവനക്കാരുമായി 18 ജീവനക്കാരാണു ജോലി ചെയ്യുന്നത്. ഇതിൽ സ്ഥിരം ജീവനക്കാരായ എട്ടുപേർ രാത്രികാല ഡ്യൂട്ടി ചെയ്യാൻ തയാറാകുന്നില്ലെന്നാണു പരാതി ഉയർന്നിരിക്കുന്നത്. രാത്രി 7.30മുതൽ രാവിലെ 7.30വരെയാണു ഈ വിഭാഗത്തിലെ രാത്രികാല ഡ്യൂട്ടി സമയം.
നഴ്സുമാർ അടക്കമുള്ള പാരാമെഡിക്കൽ ജീവനക്കാരും മറ്റ് ടെക്നീഷ്യൻമാരും രാത്രി സമയം ഉൾപ്പെടെ മൂന്നു ഷിഫ്റ്റുകളിലും ജോലി ചെയ്യുന്പോൾ ഇസിജി വിഭാഗത്തിലെ സ്ഥിരം ജീവനക്കാർ രാത്രികാല ഡ്യൂട്ടിയ്ക്കു വിമുഖത കാണിക്കുകയാണ്.
ജനറൽ മെഡിസിൻ വാർഡിൽ പ്രവർത്തിക്കുന്ന ഇസിജി മുറിയിലേക്കു പകൽസമയത്തു പോലും സ്ഥിരം ജീവനക്കാർ എത്തുന്നില്ലെന്നു താത്കാലിക ജീവനക്കാർ ആരോപിക്കുന്നു. പ്രധാന കെട്ടിടത്തിൽനിന്ന് ദൂരെ മാറി സ്ഥിതി ചെയ്യുന്ന ഗൈനക്കോളജി വിഭാഗത്തിലും ഇസിജി ജീവനക്കാരില്ല.
അവശ്യഘട്ടങ്ങളിൽ അത്യാഹിക വിഭാഗത്തിൽ നിന്നുമാണു ജീവനക്കാർ ഗൈനക്കോളജി വിഭാഗത്തിലെത്തി സേവനം ചെയ്യുന്നത്. രാത്രി സമയങ്ങളിൽ ജോലി ചെയ്യുന്നവർക്കു പലതരത്തിലുമുള്ള ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നതായും പരാതിയുണ്ട്.