കോട്ടയം: മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ മൂന്നു വയസുകാരൻ മരിച്ചത് കുത്തിവയ്പു മൂലമാണെന്നാരോപിച്ച് കുട്ടിയുടെ പിതാവ് മാരാരിക്കുളം സ്റ്റേഷനിൽ പരാതി നൽകി.
സംഭവം നടന്നത് കോട്ടയം ഗാന്ധിനഗർ സ്റ്റേഷൻ പരിധിയിൽ ആയതിനാൽ മാരാരിക്കുളത്തുനിന്ന് പരാതി ഗാന്ധിനഗർ സ്റ്റേഷന് കൈമാറി. ബുധനാഴ്ച അർധരാത്രിയ്ക്കു ശേഷമായിരുന്നു സംഭവം. ചേർത്തല മാരാരിക്കുളം പുത്തൻകുളങ്ങര സുരേഷിന്റെ മകൻ അർണവ്(മൂന്ന്) ആണ് മരിച്ചത്.
ബുധനാഴ്ച കടുത്ത പനിയെ തുടർന്നാണ് രാവിലെ 11.30ന് അർണവിനെ മാതാപിതാക്കൾ കുട്ടികളുടെ ആശുപത്രിയിൽ എത്തിച്ചത്. പ്രാഥമിക ചികിത്സയ്ക്കായി കോവിഡ് നിരീക്ഷണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും ചികിത്സ നൽകുകയും ചെയ്തു.
വൈകുന്നേരം ആരോഗ്യനില മോശമായതിനെ തുടർന്ന് കുട്ടിയെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. പിന്നീട് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചുവെങ്കിലും വ്യാഴാഴ്ച പുലർച്ചെ 1.30ന് കുട്ടി മരിച്ചു.
ഇതിനിടയിൽ കുട്ടിയുടെ ചികിത്സാരേഖ (കേസ് ഷീറ്റ് ) കാണാതാവുകയും ചെയതിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ കിടന്നപ്പോൾ നഴ്സ് കുത്തിവയ്പ് നടത്തിയതു മൂലമാണ് കുട്ടി മരിച്ചതെന്നാരോപിച്ച് കുട്ടിയുടെ മാതാവ് നഴ്സിനെ മർദ്ദിക്കുകയും ബന്ധുക്കൾ ബഹളം വയ്ക്കുകയും ചെയ്തിരുന്നു.
കേസ് ഷീറ്റ് കാണാതെ വന്നതോടെ ആശുപത്രി അധികൃതർ ഗാന്ധിനഗർ പോലീസിൽ വിവരം അറിയിച്ചു. ഉടൻ തന്നെ സ്ഥലത്തെത്തിയ പോലീസ് ബന്ധുക്കളുടെ കൈവശമുണ്ടായിരുന്ന കേസ് ഷീറ്റ് വാങ്ങി ചികിത്സിച്ച ഡോക്ടർക്കു കൈമാറി. പിന്നീട് മൃതദേഹം മെഡിക്കൽ കോളജിലേക്ക് മാറ്റി.
വ്യാഴാഴ്ച രാവിലെ ആശുപത്രി സൂപ്രണ്ട് ഡോ. സവിതയുടെ നേതൃത്വത്തിൽ രാത്രിയിൽ നടന്ന സംഭവങ്ങൾ വിലയിരുത്തിയ ശേഷം മാതാവിനെതിരെ പോലീസിൽ പരാതി നൽകി.
രണ്ടു മണിയോടെ മൃതദേഹം പോലീസ് ഇൻക്വസ്റ്റിന് ശേഷം മൂന്നംഗ ഡോക്ടർമാരുടെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തി വൈകുന്നേരം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
കടുത്ത ന്യൂമോണിയയും അണുബാധയുമാണ് മരണകാരണമെന്നു ഫോറൻസിക് ഡോക്ടർമാർ പ്രാഥമിക വിവരം നൽകി. ഇരുകൂട്ടരുടേയും പരാതികൾ ലഭിച്ചിട്ടുണ്ടെന്നും സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചെന്നും ഗാന്ധിനഗർ എസ് എച്ച്ഒ കെ. ഷിജി രാഷ്ട്രദീപികയോടു പറഞ്ഞു.