ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിലെ കെട്ടിടങ്ങളുടെ പെയിന്റിംഗ് ജോലി ചെയ്യുന്നതിൽ വൻ തട്ടിപ്പെന്ന് ആരോപണം. ചില യൂണിയൻ നേതാക്കൻമാരും കോണ്ട്രാക്ടർമാരും ചേർന്നാണ് തട്ടിപ്പ് നടത്തുന്നതെന്നാണ് ആരോപണമുയർന്നിരിക്കുന്നത്.
2015 മുതൽ 2020 വരെ കോട്ടയം മെഡിക്കൽ കോളജിൽ നാല് യൂണിയനുകളുടെ കീഴിലുള്ള തൊഴിലാളികളാണ് കെട്ടിടങ്ങളുടെ പെയിന്റിംഗ് ജോലികൾ ചെയ്തുകൊണ്ടിരിക്കുന്നത്.
ദിവസക്കൂലി അടിസ്ഥാനത്തിലും ചെയ്യുന്ന ജോലി അളന്നു നോക്കിയും, ഉടന്പടി പ്രകാരവുമായിരുന്നു തൊഴിലാളികളെ കൊണ്ട് പെയിന്റിംഗ് ജോലികൾ ചെയ്യിപ്പിച്ചിരുന്നത്.
ഒരു കെട്ടിടം പെയിന്റ് ചെയ്യുന്പോൾ മൂന്നു തവണ (മൂന്നു കോട്ട്) പെയിന്റടിക്കണമെന്നാണ് സർക്കാർ നിർദ്ദേശിച്ചിരിക്കുന്നത്. എന്നാൽ ചില യൂണിയൻ നേതാക്കളുടെ നിർദ്ദേശപ്രകാരം മൂന്നു കോട്ട് പെയിന്റിംഗ് അടിച്ചിട്ടില്ലെന്നാണ് ആരോപണമുയർന്നിരിക്കുന്നത്.
മെഡിക്കൽ കോളജിലെ ഓരോ വിഭാഗത്തിലുള്ള കെട്ടിടങ്ങളും ഓരോ കോണ്ട്രാക്്ടർമാരുടെ നേതൃത്വത്തിൽ ഓരോ യൂണിയനുകളാണ് പെയിന്റ് അടിക്കുന്നത്.
ഒരു യൂണിയനിൽപ്പെട്ട തൊഴിലാളികളെ കൊണ്ട് ഒരു കോട്ട് പ്രൈമറും, രണ്ട് കോട്ട് എമർഷനും അടിപ്പിച്ചപ്പോൾ മറ്റൊരു യുണിയന്റെ കീഴിലുള്ള തൊഴിലാളികളെ ഒരു കോട്ട് മാത്രവും,
മൂന്നാമത്തെ യൂണിയനിലെ തൊഴിലാളികളെ കൊണ്ട് പ്രൈമറിനകത്ത് കളർ ചേർത്ത് രണ്ട് കോട്ട് അടിപ്പിക്കുകയും ചെയ്തു. ഇത്തരത്തിൽ മൂന്നു തരത്തിലുള്ള പെയിന്റിംഗ് ജോലിയാണ് മെഡിക്കൽ കോളജിലെ കെട്ടിടങ്ങളിൽ പുരോഗമിക്കുന്നത്.
പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗത്തിന്റെ കീഴിലുള്ള കോണ്ട്രാക്ടർമാരും ചില യൂണിയൻ നേതാക്കളും ചേർന്നാണ് വൻതട്ടിപ്പ് നടത്തുന്നതെന്ന് പറയപ്പെടുന്നു. കാർഡിയോളജി മന്ദിരത്തിന്റെ പെയിന്റിംഗ് ഭൂരിഭാഗവും പൂർത്തിയായി കഴിഞ്ഞു.
എന്നാൽ സർക്കാർ മാനദണ്ഡം പാലിക്കാതെയാണ് പെയിന്റിംഗ് നടക്കുന്നത്. പെയിന്റിംഗ് പോരായ്മ ചൂണ്ടിക്കാണിക്കുന്ന തൊഴിലാളികളെ യൂണിയൻ നേതൃത്വത്തിന്റെ അനുമതിയോടെ കോണ്ട്രാക്ടർ പറഞ്ഞു വിടുന്നതായും ആക്ഷേപമുണ്ട്.
നാല് യൂണിയനുകളുടെ കീഴിലുള്ള തൊഴിലാളികൾക്ക് നാലുതരത്തിലുള്ള കൂലിയാണ് നൽകുന്നതെന്നും അളന്നുള്ള ജോലികളിൽ കോണ്ട്രാക്ടർമാർ ചില യൂണിയൻ നേതാക്കളുമായി ചേർന്ന് അളവ് കുറച്ച് കാണിച്ച് തൊഴിലാളികളെ വഞ്ചിക്കുകയാണെന്നും പരാതിയുണ്ട്.
കെട്ടിടങ്ങളുടെ പെയിന്റിംഗ് ചെയ്യുന്നതിന് സർക്കാർ നിർദ്ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ നിശ്ചിത കാലാവധിക്ക് മുന്പ് കെട്ടിടങ്ങൾക്കു നാശം സംഭവിക്കുകയും സർക്കാരിന് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാവുകയും ചെയ്യും.
അതിനാൽ കോട്ടയം മെഡിക്കൽ കോളജ് കെട്ടിടങ്ങളിൽ നടത്തിയിട്ടുള്ള പെയിന്റിംഗ് ജോലിയുടെ ഗുണമേന്മ പരിശോധിക്കാൻ ബന്ധപ്പെട്ട അധികൃതർ തയ്യാറാകണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.