ഗാന്ധിനഗർ: വീട്ടമ്മയുടെ വയറ്റിൽ നിന്ന് പന്ത്രണ്ടര കിലോഗ്രാം ഭാരമുള്ള മാംസപിണ്ഡം ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. കോട്ടയം മെഡിക്കൽ കോളജിൽ ജനറൽ സർജറി യൂണിറ്റ് നാലിലാണു ശസ്ത്രക്രീയ നടത്തിയത്. കിടങ്ങറ സ്വദേശി മിനി (42) യുടെ വയറ്റിൽ നിന്നാണ് പന്ത്രണ്ടര കിലോഗ്രാം ഭാരമുള്ള മുഴ നീക്കം ചെയ്തത്.
ഒന്നര വർഷമായി വയറുവേദനയ്ക്ക് ചികിത്സയിലായിരുന്നു. ചില സ്വകാര്യ ആശുപത്രികളിൽ ചികിത്സിച്ചെങ്കിലും കുറവുണ്ടായില്ല. തുടർന്ന് ആയുർവേദ ചികിത്സ നടത്തി. വയറിനുള്ളിൽ കൊഴുപ്പാണെന്നും അത് ഉരുക്കിക്കളയാമെന്നുമുള്ള ധാരണയിൽ ചികിത്സ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
ഒന്നര മാസം മുന്‍പാണ് മെഡിക്കൽ കോളജിലെ ജനറൽ സർജറി വിഭാഗത്തിലെത്തിയത്. പരിശോധനയിൽ ഒരു പ്രത്യേക തരത്തിലുള്ളതും അപൂർവമായി കാണപ്പെടുന്നതുമായ ലൈപ്പോ ഡാർക്കോമ എന്ന രോഗമാണെന്ന് കണ്ടെത്തി. വളരെ നിർധന കുടുംബത്തിൽപ്പെട്ടതിനാൽ ശസ്ത്രക്രിയക്ക് പണം കണ്ടെത്താൻ മാർഗമില്ലാത്തതിനാൽ കാരുണ്യ പദ്ധതി പ്രകാരം ഒന്നര ലക്ഷം രൂപ അനുവദിച്ചതിനെ തുടർന്നാണ് ശസ്ത്രക്രിയ നടത്തിയത്.
ജൂണ്‍ ഒന്‍പതിനായിരുന്നു ശസ്ത്രക്രിയ. ശസ്ത്രക്രിയക്ക് ശേഷം വീട്ടിൽ പോയ മിനി രണ്ടു തവണ തുടർ ചികിത്സക്കായി ഒപി വിഭാഗത്തിൽ എത്തി. ഇവരുടെ വയറ്റിനുള്ളിൽ വെറും എട്ടു ശതമാനം അർബുദം മാത്രമേ ഉള്ളൂവെന്നും അത് റേഡിയേഷനിലൂടെ പൂർണമായി മാറ്റാൻ കഴിയുമെന്നും ഡോക്ടർമാർ പറഞ്ഞു.
ജനറൽ സർജറി യൂണിറ്റ് ചീഫ് ഡോ. എസ്. സുനിൽ, ഡോ. ആർ.പി.രഞ്ചിൻ, ഡോ. അരുണ്‍ ശ്രീനിവാസ്, ഡോ. ഡെഞ്ചു ഫോം, അനസ്തേഷ്യ വിഭാഗത്തിലെ, ഡോ.മുരളി കൃഷ്ണ, ഡോ.തോമസ്, ഡോ.പത്മ, എന്നിവരാണ് ശസ്ത്രക്രിയ സംഘത്തിലുണ്ടായിരുന്നത്.