ഗാന്ധിനഗർ: രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ച ജീവനക്കാരിക്കും ചികിത്സയിൽ കഴിയുന്ന രോഗിക്കും കോവിഡ് സ്ഥിരീകരിച്ചതോടെ മെഡിക്കൽ കോളജ് ആശുപത്രി ജീവനക്കാരും ചികിത്സയിൽ കഴിയുന്ന രോഗികളും വീണ്ടും ആശങ്കയിൽ.
കോട്ടയം മെഡിക്കൽ കോളജ് ഡയാലിസിസ് ടെക്നീഷ്യ അരീപ്പറന്പ് സ്വദേശിനി 27കാരിക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. ചികിത്സയിൽ കഴിഞ്ഞിരുന്ന വൈക്കം ചെന്പ് സ്വദേശിയായ 25കാരനും രോഗം സ്ഥിരീകരിച്ചതോടെ ആശങ്ക പടർന്നിരിക്കുകയാണ്.
ജനുവരിയിൽ മെഡിക്കൽ കോളജ് സെന്ററിൽ നിന്നും ടെക്നീഷ്യ ആദ്യ വാക്സിൻ ഡോസ് സ്വീകരിച്ചിരുന്നു. ഫെബ്രുവരി 28ന് രണ്ടാമത്തെ ഡോസും എടുത്തു. കഴിഞ്ഞ ദിവസം പനിയും ശ്വാസം മുട്ടലുമുണ്ടായതിനെ തുടർന്ന് പരിശോധന നടത്തി.
ഇന്നലെ പരിശോധന ഫലം വന്നപ്പോൾ കോവിഡ് സ്ഥിരീകരിച്ചു. തൽക്കാലം ഹോം ക്വാറന്റൈനിൽ കഴിയാൻ ആരോഗ്യ പ്രവർത്തകർ നിർദ്ദേശിച്ചിരിക്കുകയാണ്.
വീട്ടുമുറ്റത്ത് തെന്നി വീണു കാൽ ഒടിഞ്ഞ അസ്ഥിരോഗ വിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന 25കാരനു ശസ്ത്രക്രിയക്ക് മുന്പു നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് ഇയാളെ ഉഴവൂരിലെ കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്കു മാറ്റിയിരിക്കുകയാണ്.