ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി കോന്പൗണ്ടിൽനിന്ന് ഇരുചക്രവാഹനങ്ങളുടെ മോഷണങ്ങൾ പെരുകുന്നു. കഴിഞ്ഞ ഒരു മാസത്തിനിടയിൽ ആറ് ബൈക്കുകളാണ് കോന്പൗണ്ടിൽനിന്നു മാത്രം നഷ്ടപ്പെടുന്നത്.
ബൈക്കുകളിൽ ചിലത് കുറച്ചു നാളുകൾക്ക് ശേഷം മോഷണം നടന്നയിടത്തു തന്നെ കൊണ്ടുവന്നു ഉപേക്ഷിക്കുന്നതും പതിവാണ്.
ബൈക്കുകൾ മോഷണം പോകുന്നത് സംബന്ധിച്ച് പോലീസിൽ പരാതി നൽകിയാൽ കേസ് രജിസ്റ്റർ ചെയ്യുന്നില്ലെന്നും ആക്ഷേപമുണ്ട്.
കഞ്ചാവ് ലഹരിക്കടിമപ്പെട്ട യുവാക്കളാണ് ആശുപത്രി കോന്പൗണ്ടിൽ നിന്ന് ബൈക്കുകൾ മോഷ്ടിക്കുന്നതെന്നാണ് പ്രഥമിക നിഗമനം. മോഷണം പോയ ബൈക്ക് കണ്ടെത്തിയാൽ പോലീസ് പരാതിക്കാരെ വിളിച്ചു വരുത്തി ഉടമസ്ഥർക്ക് തിരികെ ഏല്പിക്കാറുണ്ട്.
അതുകൊണ്ടാണ് മോഷണം സംബന്ധിച്ചു പരാതി കിട്ടിയാലുടൻ കേസ് രജിസ്റ്റർ ചെയ്യാത്തതെന്ന് ഗാന്ധിനഗർ പോലീസ് പറയുന്നു.
കോവിഡ് ഭീതി മൂലം ആശുപത്രിക്കുള്ളിലും പരിസരങ്ങളിലും കോന്പിംഗ് നടത്താൻ കഴിയാത്തത് മോഷ്ടാക്കൾക്കും കഞ്ചാവ് മാഫിയയ്ക്കും ആശുപത്രി പരിസരം താവളമാക്കാൻ കാരണമാകുന്നുണ്ടെന്നും പോലീസ് പറയുന്നു.