ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ കോവിഡ് ചികിത്സയിലിരിക്കെ മരണമടഞ്ഞയാളിന്റെ മൊബൈൽ ഫോണ് കാണാതായ സംഭവത്തിൽ രണ്ട് വനിതാ താൽക്കാലിക ശുചീകരണ ജീവനക്കാരെ ഗൈനക്കോളജിയിലേക്ക് മാറ്റി.
രോഗി മരണപ്പെട്ട ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവൻ ജീവനക്കാരിൽ നിന്നും ആശുപത്രി അധികൃതർ ഇന്ന് വിവരങ്ങൾ ശേഖരിക്കും.എന്നാൽ കുറ്റം ചെയ്തവരെന്ന് സംശയിക്കുന്നവരെ മാത്രം ചോദ്യം ചെയ്താൽ മതിയെന്ന് വാർഡിൽ സംഭവ ദിവസം ഡ്യൂട്ടിയിലുണ്ടായിര ഭൂരിപക്ഷം ജീവനക്കാരും ആവശ്യപ്പെട്ടിരിക്കുകയാണ്.
കുറ്റക്കാരെ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ പോലീസിൽ പരാതി നൽകാനാണ് ആശുപത്രി അധികൃതർ തീരുമാനിച്ചിരുന്നത്.കഴിഞ്ഞ ഏപ്രിൽ 27-ന് അത്യാഹിത വിഭാഗം കെട്ടിടത്തിലെ നാലാം നിലയിലെ കോവിഡ് തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച കോട്ടയം സംക്രാന്തി കൂട്ടുങ്കൽപ്പറന്പിൽ ശ്രീകുമാർ (63) മേയ് 17നാണ് മരണമടഞ്ഞത്.
ഇയാളുടെ 13,000 രൂപാ വിലമതിക്കുന്ന മൊബൈൽ ഫോണാണ് കാണാതായത്. ശ്രീകുമാറിന്റെ മരണാനന്തര ചടങ്ങുകൾക്കുശേഷം 18-ന് ബന്ധുക്കൾ കോവിഡ് വാർഡിലെത്തി അന്വേഷിച്ചപ്പോഴാണ് ഫോണ് നഷ്ടപ്പെട്ട വിവരമറിയുന്നത്.
തുടർന്ന് നഷ്ടപ്പെട്ട ഫോണിലേക്ക് വിളിച്ചപ്പോൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് മൂന്നു കിലോമീറ്റർ ദൂരെ കോലോട്ടന്പലം കരിപ്പ റോഡിലെ കലിങ്കിനടയിൽ നിന്ന് ചെളിയിൽ പുതഞ്ഞ് കിടന്ന ഫോണ് ഒരു കുട്ടിക്ക് ലഭിക്കുകയും കുട്ടി ഫോണ് തന്റെ പിതാവിനെ ഏൽപ്പിക്കുകയും ചെയ്തെന്ന വിവരമറിയുന്നത്.
തുടർന്ന് ഇവരിൽ നിന്ന് ശ്രീകുമാറിന്റെ ബന്ധുക്കൾ ഫോണ് വാങ്ങിയശേഷം ആശുപത്രി സൂപ്രണ്ടിന് പരാതി നൽകുകയായിരുന്നു.കോവിഡ് ചികിത്സയിൽ കഴിയുന്ന രോഗികൾ മരണപ്പെട്ടാൽ ഇവരുടെ പണം അടങ്ങുന്ന പഴ്സ്, സ്വർണാഭരണങ്ങൾ എന്നിവ ബന്ധുക്കൾക്ക് ലഭിക്കാതെ നഷ്ടപ്പെടുന്ന നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ് പരാതി നൽകിയപ്പോൾ മുതൽ അറിയാൻ കഴിഞ്ഞതെന്നും, ശ്രീകുമാർ ഉപയോഗിച്ചിരുന്ന കണ്ണടയും, ചെരുപ്പും പല തവണ കയറിയിറങ്ങിയ ശേഷമാണ് ലഭിച്ചതെന്നും ബന്ധുക്കൾ പറയുന്നു.
ഫോണ് നഷ്ടപ്പെടാനുത്തരവാദികളായവരെ ആശുപത്രി അധികൃതർ കണ്ടു പിടിച്ചില്ലെങ്കിൽ ഇതു സംബന്ധിച്ച് മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി എന്നിവർക്ക് പരാതി നൽകുമെന്നും ശ്രീകുമാറിന്റെ ബന്ധുക്കൾ പറഞ്ഞു.