ഗാന്ധിനഗർ: തുല്യ ജോലിക്ക് തുല്യ വേതനം ലഭിക്കുന്നില്ലെന്ന് പരാതി. കോട്ടയം ഗവണ്മെന്റ് മെഡിക്കൽ കോളജിലെ ആശുപത്രി വികസന സമിതി നിയമിച്ച താത്കാലിക വിഭാഗം നഴ്സുമാർക്ക് ദിവസം 600 രൂപയാണ് വേതനം. അതേ സമയം തുല്യ യോഗ്യതയുള്ള പിഎസ്സി വഴി നിയമനം ലഭിച്ചവർക്ക് 27,500 രൂപയാണ് അടിസ്ഥാന ശന്പളം. പുറമേ മറ്റ് ആനുകൂല്യങ്ങളും.
താത്കാലിക വിഭാഗം നഴ്സുമാർക്ക് ഒരു ആനൂകൂല്യവുമില്ലാതെയാണ് 600രൂപ ദിവസ വേതനം. വേതന വർധനവ് ആവശ്യപ്പെടുകയോ സമരത്തിന് ആലോചിക്കുകയോ ചെയ്താൽ പിരിച്ചു വിടൽ ഭീഷണിയുള്ളതിനാൽ ഇവർ എല്ലാം സഹിച്ച് ജോലി ചെയ്യുന്നു. 28,000 രൂപ അടിസ്ഥാന ശന്പളം നല്കണമെന്ന മനുഷ്യാവകാശ കമ്മീഷൻ നിർദേശം കോട്ടയത്ത് മാത്രം നടപ്പാക്കിയില്ല.
അതേ സമയം ആശുപത്രി വികസന സമിതി വഴി ലഭിക്കുന്ന ഫണ്ടിൽ നിന്ന് ഉയർന്ന വേതനം നല്കാൻ കഴിയില്ല എന്നാണ് അധികൃതരുടെ വാദം. വിവിധ വിഭാഗങ്ങളിലേക്ക് അനാവശ്യ നിയമനങ്ങൾ നടത്തുന്നതിനാൽ വരവിന്റെ ഭൂരിഭാഗവും ശന്പളം ഇനത്തിൽ ചെലവാക്കുകയാണ്. അതിനാൽ ഇനിയൊരു വർധനവ് ഉടൻ പ്രതീക്ഷിക്കേണ്ട എന്നും പറയുന്നു.