ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജില്‍ ബിപിഎല്‍ കാര്‍ഡുള്ളവര്‍ക്കു പോലും സൗജന്യ ചികിത്സകളും വിവിധ പരിശോധനകളും നിര്‍ത്തി.
അതേസമയം, ഭരണ-പ്രതിപക്ഷ രാഷ്ട്രീയേ നേതാക്കൾക്കോ അവരുടെ ബന്ധുക്കൾക്കോ സ്കാനിംഗ് ഉള്‍പ്പെടെ മുഴുവന്‍ ചികിത്സകളും സൗജന്യമായി നൽകുന്പോഴാണു പാവപ്പെട്ടനു സൗജന്യചികിത്സ നിഷേധിക്കുന്നത്.
പ്രതിമാസം 1500 രൂപയ്ക്കു മുകളിലുള്ള രോഗികള്‍ തറയില്‍ കിടന്നാല്‍പ്പോലും ഒരു ദിവസം 20 രൂപ കിടക്കയുടെ ഫീസ് നല്‍കണം.
രോഗിയെ അഡ്മിറ്റ് ചെയ്യുന്ന കൗണ്ടറില്‍ എത്തിയാല്‍ രോഗിയുടെ കൂടെയെത്തുന്നയാള് ഒരു ഫോറം പൂരിപ്പിച്ച് നല്‍കണം.
അതില്‍ കൊടുത്തിരിക്കുന്ന വരുമാനം തെറ്റാണെങ്കില്‍ വില്ലേജ് ഓഫീസര്‍ നല്കുന്ന വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. എങ്കില്‍ മാത്രമേ രോഗിയെ ഫീസിൽനിന്ന് ഒഴിവാക്കുകയുള്ളൂ.
ഫീസ് വാങ്ങേണ്ടി വന്നാല്‍ അതിന്റെ ചുമതല അതത് വാര്‍ഡിലെ നഴ്സുമാര്‍ക്കാണ് . രോഗിക്കു നല്കിയ മരുന്നുകള്‍ കുത്തിവയ്പുകള്‍ എന്നിവയുടെ ഫീസ് നഴ്സ് രേഖപ്പെടുത്തി രോഗിയുടെ ബന്ധുവിനു നല്‍കണം ബന്ധു ആശുപത്രി വികസന സമിതിയുടെ കൗണ്ടറില്‍ പോയി അടച്ച രസീത് നഴ്സിന്റെ കൈവശം ഏൽപ്പിച്ചാൽ മാത്രമേ ഡിസ്ചാര്‍ജ് അനുവദിക്കുകയുള്ളൂ.
ലാബ്, വിവിധ സ്കാനിംഗ് എന്നിവയുണ്ടെങ്കില്‍ പരിശോധനകള്‍ക്കു മുമ്പേ പണം അടയ്ക്കണം. കഴിയാതെ വന്നാല്‍ റിപ്പോര്‍ട്ട് വാങ്ങാനെത്തുമ്പോള്‍ നിര്‍ബന്ധമായും നല്‍കണം.
ഫാര്‍മസിയില്‍നിന്നു മരുന്നുകളുടെ വിലകള്‍ നിശ്ചയിച്ചു കൊണ്ടുള്ള വില വിവരപ്പട്ടിക മുഴുവന്‍ വാര്‍ഡുകളിലെയും ഹെഡ് നഴ്സുമാര്‍ക്ക ഫാര്‍മസി അധികൃതര്‍ നല്‍കിയിട്ടുണ്ട്.
ഈ പട്ടിക നോക്കി മരുന്നുകളുടെ വിലയും കിടക്കയുടെ ദിവസവാടകയും നിശ്ചയിച്ച് നഴ്സ്മാര്നല്കണം.
കേരളത്തിലെ മറ്റ് മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ ബിപിഎല്‍ കാര്‍ഡുള്ളവര്‍ക്കും സ്ഥിരം ജീവനക്കാരുടെ അടുത്ത ബന്ധുക്കള്‍ക്കും പൂര്‍ണമായും സൗജന്യ ചികിത്സ നല്‍കുമ്പോഴാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ മാത്രം ഈ ഭരണ പരിഷ്കാരമെന്നു രോഗികളും അവരുടെ ബന്ധുക്കളും ജീവനക്കാരും പറയുന്നത്.