ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയ്ക്കുശേഷം ഡിസ്ചാർജ്് ചെയ്ത അനാഥരോഗികൾ എവിടെ പോകണമെന്നറിയാതെ ബുദ്ധിമുട്ടുന്നു. വിവിധ വാർഡുകളിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന 12 രോഗികളാണ് പോകാൻ ഇടമില്ലാതെ വിഷമിക്കുന്നത്.
ഈ രോഗികളെ ഡിസ്ചാർജ് ചെയ്തിട്ട് ഒരാഴ്ച പിന്നിട്ടു. ബന്ധുക്കളുള്ള രോഗികളാണെങ്കിൽ ആശുപത്രി അധികൃതർ ഇടപെട്ട് നവജീവൻ ട്രസ്റ്റി പി.യു. തോമസിനെ അറിയിച്ച് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ രോഗികളെ വീടുകളിൽ എത്തിക്കുന്നുണ്ട്.
എന്നാൽ അനാഥരോഗികൾ ആയതിനാൽ എന്ത് ചെയ്യണമെന്നറിയാതെ ആശങ്കയിലാണ് ആശുപത്രി അധികൃതരും. ഭൂരിപക്ഷം രോഗികളെയും എറണാകുളം ജനറൽ ആശുപത്രിയിൽ നിന്നും എത്തിച്ചതാണ്.
ഇടുക്കി, പത്തനംതിട്ട, കോട്ടയം എന്നി ജില്ലകളിലെ രോഗികളുമുണ്ട്. ഇത്രയധികം ആളുകളെ പാർപ്പിക്കാൻ സർക്കാർ ഇടപെടൽ അത്യാവശ്യമാണ്. ഏത് ആശുപത്രിയിൽ നിന്ന് രോഗിയെ കൊണ്ടുവന്നോ ആ ആശുപത്രിയിലേക്ക് തിരിച്ചയക്കുവാൻ കഴിയുകയുമില്ല.
പലർക്കും നടക്കാൻ ബുദ്ധിമുട്ടുള്ളവരാണ്. ലോക് ഡൗണായതിനാൽ മറ്റ് മാർഗമൊന്നും ഇല്ലാത്ത വിഷമിക്കുകയാണ് രോഗികളും ആശുപത്രി അധികൃതരും.