ഗാന്ധിനഗർ: ഇന്നലെ ഉച്ചയ്ക്കുശേഷം കോട്ടയം മെഡിക്കൽ കോളജി ലെ അത്യാഹിത വിഭാഗത്തിനു സമീപമായിരുന്നു അതു സംഭവിച്ചത്! അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിയുള്ള ഒരു ജൂനിയർ ഡോക്ടർ ജീവനക്കാർക്കായുള്ള വാഹന പാർക്കിംഗ് സ്ഥലത്ത് കാർ പാർക്ക് ചെയ്തശേഷം ലോക്ക് ചെയ്യാതെ ഇറങ്ങിപ്പോന്നു.
വൈകുന്നേരം തിരികെ പോകുന്നതിന് എത്തിയപ്പോൾ കാറിനകത്ത് രണ്ട് കുട്ടികൾ!! വിവരം പോലീസ് എയ്ഡ് പോസ്റ്റിൽ അറിയിച്ചു.
അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ടു പോലീസുകാർ എത്തി കുട്ടികളെ അത്യാഹിത വിഭാഗത്തിൽ പ്രവർത്തിക്കുന്ന എയ്ഡ് പോസ്റ്റിൽ എത്തിച്ചശേഷം ഗാന്ധിനഗർ സ്റ്റേഷനിൽ വിവരം അറിയിച്ചു.
ജൂനിയർ എസ്ഐ പ്രശാന്ത് എത്തി കുട്ടികളോട് വിവരങ്ങൾ ചോദിച്ചപ്പോഴാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മുത്തശിക്കൊപ്പം കഴിഞ്ഞിരുന്ന കുട്ടികളാണെന്നും മുത്തശി വീട്ടിലേക്കു മടങ്ങിയെങ്കിലും ഇവർക്കു മടങ്ങാൻ കഴിഞ്ഞില്ലെന്നുമുള്ള വിവരങ്ങൾ അറിയുന്നത്.
മുത്തശിക്കൊപ്പം വീട്ടിലേക്കു മടങ്ങാൻ സാധിക്കാതെ വന്നതിനാൽ വീട്ടുകാർ വഴക്കു പറയുമോ എന്ന ഭയം മൂലമാണ് കുട്ടികൾ ആശുപത്രി വളപ്പിൽ തന്നെ കഴിച്ചുകൂട്ടാൻ കാരണമെന്നും പോലീസ് പറഞ്ഞു.
തുടർന്ന് പോലീസ് കുട്ടികൾക്കു ഭക്ഷണം വാങ്ങി നല്കിയശേഷം ബന്ധുക്കളെ വിളിച്ചു വരുത്തി ഒപ്പം പറഞ്ഞയച്ചു. കുറവിലങ്ങാട് വയലാ സ്വദേശികളായ കുട്ടികളെയാണ് ഗാന്ധിനഗർ പോലീസ് വിട്ടയച്ചത്.