ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ ഏറ്റെടുക്കുവാൻ ബന്ധുക്കൾ എത്തിയില്ലെങ്കിൽ സർക്കാർ ചെലവിൽ സംസ്കരിക്കുന്നതിന് തയാറാകുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
സെപ്റ്റംബർ അഞ്ചിനും 14നും എറണാകുളം ജനറൽ ആശുപത്രിയിൽനിന്നു ചികിത്സയ്ക്കായി മെഡിക്കൽ കോളജിൽ കൊണ്ടുവന്നു മരണപ്പെട്ട 65 വയസുകാരൻ അബു, 70 വയസുകാരൻ ജോസഫ് എന്നിവരുടെയും റാന്നി സ്വദേശിയായ 60 വയസുകാരന്റെ മൃതദേഹങ്ങളുമാണ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നത്.
ചികിത്സയിൽ കഴിയവേയും ആശുപത്രിയിലേക്കുള്ള യാത്രയിൽ മരണപ്പെടുന്നവരുടെയും മൃതദേഹങ്ങൾ കോവിഡ് പരിശോധന നടത്താതെ ബന്ധുക്കൾക്ക് വിട്ടുനൽകുവാൻ കഴിയില്ല.
അതിനാൽ പരിശോധനാ ഫലം ലഭിക്കുംവരെ മൃതദേഹങ്ങൾ മോർച്ചറിയിൽ സൂക്ഷിക്കണം. ബന്ധുക്കൾ ഇല്ലാത്ത മൃതദേഹങ്ങൾ മാസങ്ങളോളം സൂക്ഷിക്കേണ്ടി വരുന്നതിനാൽ ഫ്രീസർ ഒഴിവില്ലാതെ വരുന്നു. ഇതിനെ തുടർന്നാണ് പുതിയ തീരുമാനം.
അനാഥരുടെ ലിസ്റ്റിൽപ്പെടുത്തി സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ ഏറ്റെടുക്കാൻ ഒരാഴ്ചയ്ക്കകം ബന്ധുക്കളോ, പോലീസോ എത്തിയില്ലെങ്കിൽ സംസ്കരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.