ഗാന്ധിനഗർ: കാൻസർ ഉണ്ടെന്നും ഇല്ലെന്നുമുള്ള രണ്ടു തരത്തിലുള്ള ബയോപ്സി റിപ്പോർട്ട് വീണ്ടും. തിരുവനന്തപുരം ആർസിസിയിൽ നടത്തിയ പരിശോധനയിൽ കാൻസർ രോഗമുണ്ടെന്ന് കണ്ടെത്തി. അതേ സമയം കോട്ടയം മെഡിക്കൽ കോളജ് പതോളജിയിൽ നടത്തിയ പരിശോധനയിൽ രോഗിക്ക് കാൻസറില്ല. ഇതോടെ എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ് ഡോക്ടർമാർ.
കട്ടപ്പന സ്വദേശിയായ രോഗി തിരുവനന്തപുരം ആർസിസിയിൽ നടത്തിയ പരിശോധനാ രേഖകളുമായി കോട്ടയം മെഡിക്കൽ കോളജ് ഓങ്കോളജി വിഭാഗത്തിൽ ചികിത്സ തേടിയെത്തി. ചികിത്സ ആരംഭിക്കുന്നതിനു മുൻപ് കോട്ടയം മെഡിക്കൽ കോളജ് പതോളജി ലാബിൽ ബയോപ്സി പരിശോധന നടത്തി ലഭിച്ച റിപ്പോർട്ടിൽ അർബുദ രോഗമില്ലെന്ന് കണ്ടെത്തി.
രണ്ടു തരത്തിലുള്ള റിപ്പോർട്ടിന്റെ പേരിൽ പരാതികളും പോലീസ് കേസുകളും നിലനിൽക്കുന്ന സാഹചര്യത്തിൽ എന്ത് ചെയ്യണമെന്ന ആശങ്കയിലാണ് ഓങ്കോളജി വിഭാഗം ഡോക്ടർമാർ. എന്നാൽ രോഗിക്ക് അർബുദ ചികിത്സ നൽകണമെന്ന ബന്ധുക്കളുടെ ആഗ്രഹപ്രകാരം ചികിത്സ നൽകുവാൻ തയാറാകുകയാണ് ഓങ്കോളജി യൂണിറ്റ് ചീഫ് ഡോ.സുരേഷ് കുമാർ. കട്ടപ്പന സ്വദേശി 50 വയസുകാരനാണ് രോഗി.
ഇദ്ദേഹത്തിന്റെ ആമാശയത്തിൽ അർബുദം ബാധിച്ചു തുടങ്ങിയെന്നാണ് തിരുവനന്തപുരം റീജണൽ കാൻസർ സെന്ററിൽ നിന്നും ലഭിച്ച വിവിധ പരിശോധനാ ഫലങ്ങളിൽ പറയുന്നത്. തിരുവനന്തപുരത്തെ ചികിത്സയേക്കാൾ യാത്രാ സൗകര്യം കോട്ടയം മെഡിക്കൽ കോളജ് ആയതിനാൽ രോഗിയുടെ ബന്ധുക്കൾ ഇവിടെ ചികിത്സ നടത്തിയാൽ മതിയെന്ന് തീരുമാനിക്കുകയായിരുന്നു.
അതനുസരിച്ച് രോഗിയുമായി ബന്ധുക്കൾ ഇന്നലെ ഓങ്കോളജി യൂണിറ്റ് ചീഫ് ഡോ.സുരേഷ് കുമാറിനെ കണ്ടു. ഒരു രോഗിക്ക് രണ്ടു തരത്തിലുള്ള ബയോപ്സി റിപ്പോർട്ട് ലഭിച്ച വിവരമറിഞ്ഞ് ഓങ്കോളജി ചീഫ് ഡോ.സുരുഷ് കുമാറുമായി ബന്ധപ്പെട്ടപ്പോൾ ശരിയാണെന്ന് അദേഹം പറഞ്ഞു. രോഗിക്ക് ഇന്നു ചികിത്സ ആരംഭിക്കും.
രണ്ടു തരത്തിലുള്ള ബയോപ്സി റിപ്പോർട്ടിന്റെ പേരിൽ കീമോ തെറാപ്പി ചികിത്സ നടത്തിയത് വിവാദമാവുകയും പോലീസ് കേസ് ഉൾപ്പെടെ നിരവധി പരാതി തനിക്കെതിരെ നിലനിൽക്കുന്നതിനാൽ ചികിത്സ നൽകുവാൻ ആദ്യം ഡോ.സുരേഷ് കുമാർ വിസമ്മതിച്ചു.
തിരുവനന്തപുരത്ത് പോയി ചികിത്സ തുടരുവാൻ നിർദ്ദേശിച്ചെങ്കിലും ബന്ധുക്കൾ തയാറായില്ല. ഇതോടെ രോഗിക്ക് ചികിത്സ നൽകുവാൻ തീരുമാനിക്കുകയായിരുന്നു. തിരുവനന്തപുരം ആർ സി സിയിലും, കോട്ടയം മെഡിക്കൽ കോളജിലും ഒരു രോഗിക്ക് രണ്ടു തരത്തിലുള്ള ബയോപ്സി റിപ്പോർട്ട് വരുന്നതെങ്ങനെയാണെന്നാണ് ഇനി അറിയേണ്ടത്.
ഇത്തരത്തിലുള്ള രണ്ടു തരം പരിശോധന ഫലങ്ങൾ വരുന്നതുമൂലം രോഗിക്ക് കൃത്യമായ ചികിത്സ ലഭിക്കാതെ വരുന്ന സാഹചര്യം ഉണ്ടാകുമെന്നതിനാൽ സർക്കാർ ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് രോഗിയുടെ ബന്ധുക്കൾ ആവശ്യപ്പെടുന്നു. ഏത് റിപ്പോർട്ടാണ് അംഗീകരിച്ച് ചികിത്സിക്കേണ്ടതെന്ന് സർക്കാർ നിർദേശിക്കണമെന്നാണ് രോഗിയുടെ ബന്ധുക്കളുടെ ആവശ്യം.