ഗാന്ധിനഗർ: മെഡിക്കൽ കോളജിൽ മഴ പെയ്യരുതെന്നാണ് രോഗികളുടെ കൂട്ടിരിപ്പുകാരുടെ പ്രാർഥന. മഴ പെയ്താൽ കാർഡിയോളജി വിഭാഗത്തിൽ കിടക്കുന്ന രോഗികളുടെ കൂട്ടിരിപ്പുകാരുടെ കാര്യം കഷ്ടത്തിലാവും. മഴയും കാറ്റും ഉണ്ടാകുന്പോൾ വെള്ളം അടിച്ചുകയറുന്നതാണ് ഇവിടെ ബുദ്ധിമുട്ടുണ്ടാക്കുന്നത്.
വരാന്തയിലാണ് രോഗികളുടെ കൂട്ടിരിപ്പുകാർക്ക് ഇരിപ്പിടം. നൂറിലേറെ പേർ സദാസമയവും ഇവിടെയുണ്ടാവും. ഇരിപ്പിടം കുറവായതിനാൽ മറ്റുള്ളവർ താഴെ പായ വിരിച്ചാണ് ഇരിക്കുന്നത്. മഴ പെയ്താൽ വെള്ളം അടിച്ചു കയറുന്നതു മൂലം ആളുകളും സാധനങ്ങളുമെല്ലാം നനയും.
മഴ പെയ്യുന്പോഴെങ്കിലും അകത്തുകയറി നിൽക്കാൻ സെക്യൂരിറ്റി സമ്മതിക്കുകയുമില്ല. കഴിഞ്ഞ ദിവസത്തെ മഴ കൂട്ടിരിപ്പുകാർക്ക് വലിയ ദുരിതമാണ് സമ്മാനിച്ചത്. ഇവിടെ കിടക്കുന്ന രോഗികൾക്കൊപ്പം ഏറ്റവും കുറഞ്ഞത് മൂന്നു പേരെങ്കിലും കൂട്ടിരിപ്പുകാരായി ഉണ്ടാവും.
ഐസിയുവിലും മറ്റും കിടക്കുന്ന രോഗികൾക്ക് വെള്ളം, ഭക്ഷണം എന്നിവ നല്കണമെങ്കിൽ മൈക്കിൽ അനൗണ്‍സ് ചെയ്യും. അപ്പോൾ മാത്രമേ കൂട്ടിരിപ്പുകാർക്ക് അകത്തു കയറാൻ സാധിക്കു. അനൗണ്‍സ്മെന്റ് ശ്രദ്ധിച്ചിരിക്കാൻ ഒരാൾ വേണം. അകത്തു നിന്നുള്ള കുറിപ്പടി പ്രകാരം മരുന്നും മറ്റു സാധനങ്ങളും വാങ്ങാൻ ഒരാൾ വേണം. ഭക്ഷണം വാങ്ങാനും മറ്റുമായി മറ്റൊരാൾ കൂടിയുണ്ടെങ്കിലേ കാര്യങ്ങൾ ചൊവ്വേ നേരേ നടക്കു.
മെഡിക്കൽ കോളജ് ആശുപത്രിയിൽ മറ്റൊരു വാർഡിലും കൂട്ടിരിപ്പുകാർക്ക് നനയേണ്ടി വരുന്നില്ല. കൂട്ടിരിപ്പുകാർ ഇരിക്കുന്ന വരാന്തയുടെ പുറം ഭാഗം പ്ലാസ്റ്റിക് ഉപയോഗിച്ചെങ്കിലും അടച്ചിരുന്നുവെങ്കിൽ മഴ നനയേണ്ട ഗതി വരില്ലായിരുന്നു. അതിനാൽ കാർഡിയോളജി വരാന്തയിലിരിക്കുന്നവർ പ്രാർഥിക്കുന്നു. ദൈവമേ ഇവിടെ മഴ പെയ്യരുതേ…