ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ ആവശ്യങ്ങൾക്ക് വേണ്ടി സ്വകാര്യ കാറുകൾ വാടകയ്ക്കെടുക്കുന്നു. നിലവിൽ ഏഴു വാഹനങ്ങളുള്ളപ്പോൾ സ്വകാര്യ വാഹനം വാടകയ്ക്കെടുക്കുന്നത് സാന്പത്തിക ബാധ്യതയാവുമെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധം ഉയർന്നിട്ടുണ്ട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മൂന്ന് ആംബുലൻസ്, ഇൻഡിക്ക കാർ, മിനി ബസ് ,പിക്ക് അപ് വാൻ, റ്റാ സുമോ എന്നിങ്ങനെ ഏഴു വാഹനങ്ങളും ഏഴ് ഡ്രൈവർമാരുമുണ്ട്.
അഞ്ച് സർക്കാർ സ്ഥിരം ജീവനക്കാരും ഒരു എച്ച്ഡിസി, ഒരു താൽക്കാലിക വിഭാഗത്തിൽപ്പെട്ട ഡ്രൈവർ ഉൾപ്പെടെയാണ് ഏഴു ഡ്രൈവർമാരുള്ളത്. വാഹനങ്ങളിൽ ടാറ്റാ സുമോയുടെ മാത്രമേ കാലാവധി കഴിഞ്ഞിട്ടുള്ളൂ. ഈ വാഹനം ആരോഗ്യ വകുപ്പ്് ഡയറക്ടറേറ്റിൽ നിന്നും ലഭിച്ചതാണ്. അതിനാൽ തിരികെ ഡിഎച്ച്എസിലേക്ക് ഏൽപ്പിച്ചാൽ പുതിയ വാഹനം നൽകും.
പുതിയ വാഹനം വാങ്ങുവാൻ സർക്കാർ അനുമതി ഇല്ലാത്തതിനാൽ ആരോഗ്യ വകുപ്പിന്റെ കീഴിൽ ഇപ്പോഴുള്ള വാഹനമാണ് മെഡിക്കൽ കോളജിന് നൽകുവാൻ കഴിയുന്നത്. എന്നാൽ ആശുപത്രിയുടെ എന്ത് ആവശ്യത്തിനും സർവീസ് നടത്തുവാൻ കഴിയുന്ന തരത്തിലുള്ള വാഹനങ്ങൾ ആരോഗ്യ ഡയറക്ടറേറ്റിൽ ഉള്ളപ്പോൾ സ്വകാര്യ വാഹനങ്ങളെ സർവീസിനായി ക്വട്ടേഷൻ വിളിക്കേണ്ടന്നും അഭിപ്രായമുയർന്നിട്ടുണ്ട്.
എന്നാൽ ആശുപത്രി അധികൃതർക്ക് ഒൗദ്യോഗിക ആവശ്യങ്ങൾക്ക് കൃത്യ സമയങ്ങളിൽ പങ്കെടുക്കുവാൻ പറ്റുന്ന തരത്തിലുള്ള ഒരു വാഹനവും നിലവിലില്ലെന്നും പുതിയ വാഹനങ്ങൾ വാങ്ങുവാൻ കർശന നിയന്ത്രണമുള്ളതിനാൽ സർക്കാർ നിർദ്ദേശ പ്രകാരമാണ് സ്വകാര്യകാറുകൾ വാടകയ്ക്ക് വിളിക്കുവാൻ ക്വട്ടേഷൻ നൽകുന്നതെന്നും ആർഎം ഒ ഡോ ആർ.പി രഞ്ചിൻ അറിയിച്ചു.