ഗാന്ധിനഗർ: സ്വകാര്യ ബസിടിച്ച് ഗുരുതര പരിക്കേറ്റ ബൈക്ക് യാത്രക്കാരനായ യുവാവിന് അത്യാഹിത വിഭാഗത്തിൽ ചികിത്സ വൈകിയതായും അപകടത്തിൽപ്പെട്ട് റോഡിൽ കിടന്ന യുവാവിനെ ആശുപത്രിയിൽ എത്തിക്കുവാൻ ബസ് ജീവനക്കാർ തയാറായില്ലെന്നും ആക്ഷേപം.
ഇന്നലെ ഉച്ചയ്ക്ക് അമ്മഞ്ചേരി ഭാഗത്തായിരുന്നു അപകടം. 12നു മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച യുവാവിന് ഉച്ചയ്ക്ക് ശേഷം മൂന്നു മുതലാണു ചികിത്സ ലഭിച്ചത്. മല്ലപ്പള്ളി സ്വദേശിയായ ആരോമലാ(19)ണ് അപകടത്തിൽപ്പെട്ടത്. എംജി സർവകലാശാല കോന്പൗണ്ടിൽനടന്നു കൊണ്ടിരിക്കുന്ന കരസേന റിക്രൂട്ട്മെന്റ് റാലിയിൽ പങ്കെടുത്തശേഷം കോട്ടയം ഭാഗത്തേക്ക് പോകുന്പോൾ കോട്ടയത്തുനിന്നും എറണാകുളത്തിനു പോകുകയായിരിന്ന മരിയ ദാസ് എന്ന ബസാണ് ആരോമൽ സഞ്ചരിച്ച ബൈക്കിൽ ഇടിച്ചത്.
ഇടിയെ തുടർന്ന് രക്തം വാർന്ന് റോഡിൽ കിടന്ന ആരോമലിനെ ഇദ്ദേഹത്തിന്റെ നാട്ടിൽനിന്നും റാലിയിൽ പങ്കെടുക്കുവാൻ വന്ന രണ്ട് യുവാക്കളാണ് ഈ സമയം അതുവഴി വന്ന ആംബുലൻസിൽ കയറ്റി മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. വലത് കാൽമുട്ടിനു താഴെ ഒടിഞ്ഞ് എല്ലുകൾ മുഴുവൻ പുറത്ത് കാണത്തക്കവിധവും മുഖത്തിനും നെഞ്ചിനും പരിക്കേറ്റ നിലയിലു മായിരുന്നു.
പരിശോധയ്ക്കുശേഷം നിരീക്ഷണ വിഭാഗത്തിലേക്കു മാറ്റിയ യുവാവിനെ പിന്നീട് ചില ഇടപെടലുകൾ ഉണ്ടായതിനെ തുടർന്നാണ് മൂന്നിനുശേഷം റെഡ് സോണിലേക്ക് മാറ്റി അടിയന്തര ചികിത്സ ആരംഭിക്കുന്നത്. അപകടം നടന്നു മൂന്നു മണിക്കൂർ നേരം രക്തം വാർന്നും വേദന കൊണ്ടും പുളയുകയായിരുന്ന യുവാവിനെ സഹായിക്കാനെത്തിയ നാട്ടുകാരായ യുവാക്കളും എന്തു ചെയ്യണമെന്നറിയാതെ വിഷമിച്ചു. ഇതിനിടയിൽ ബസ് കണ്ടക്ടർ ആശുപത്രിയിലെത്തി മടങ്ങിയെങ്കിലും, അദ്ദേഹവും യുവാവിനെ ശ്രദ്ധിക്കുവാൻ തയാറായില്ലെന്ന് പറയുന്നു.
പിആർഒയ്ക്ക് ലഭിച്ച ഫോണ് കോളിനെ തുടർന്ന് അദ്ദേഹം ഡോക്ടർമാരുടെ സമീപത്തെത്തി വിവരം ധരിപ്പിച്ചപ്പോഴാണ് ഡോക്ടർമാർ രോഗിയെ വേണ്ട വിധം പരിശോധിക്കുവാനും തുടർ ചികിത്സ നടത്തുവാനും തയാറായതെന്നും പറയുന്നു. ചികിത്സ വൈകിയില്ലെന്നും, സ്കാനിംഗ് റിപ്പോർട്ട് ലഭിക്കുവാനുണ്ടായ താമസമാണു കാരണമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.