ഗാന്ധിനഗർ: കാപ്പി വാങ്ങാനെത്തിയ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി ജീവനക്കാരനോട്, ടീ സ്റ്റാളിൽ നിന്ന ജീവനക്കാരി മോശമായി പെരുമാറിയെന്ന് ആരോപിച്ച് ആശുപത്രി സൂപ്രണ്ടിനു പരാതി നൽകി.
അത്യാഹിത വിഭാഗം മന്ദിരത്തിനു മുന്പിൽ പ്രവർത്തിക്കുന്ന റ്റീ സ്റ്റാളിനെതിരെയാണ് പരാതി. കഴിഞ്ഞ 10ന്, ജീവനക്കാരൻ ഡ്യൂട്ടി വസ്ത്രത്തിൽ ഫ്ളാസ്കുമായി കാപ്പി വാങ്ങുവാൻ ഇവിടെയെത്തി.
പഞ്ചസാര ഇടാതെ രണ്ടു കാപ്പി ചോദിക്കുകയും, ഫ്ളാസ്ക് ടീസ്റ്റാളിലെ ജീവനക്കാരി കൈവശം കൊടുക്കുകയും ചെയ്തു. ഇവർ മധുരമില്ലാത്ത രണ്ടു ചായ കൊടുത്തു.
ഞാൻ കാപ്പിയാണ് ചോദിച്ചതെന്ന് ആശുപത്രി ജീവനക്കാരൻ പറഞ്ഞപ്പോൾ, ജീവനക്കാരന്റെ കൈയിൽ നിന്നും ഫ്ളാസ്ക് തിരികെ വാങ്ങി, മറ്റ് ചായ പാത്രത്തിലേക്ക് (കെറ്റിൽ) തിരികെ ഒഴിച്ചശഷം ഇവിടെ കാപ്പിയില്ലെന്ന് പറഞ്ഞുമടക്കി അയച്ചു.
ഇതു തന്നെ പരസ്യമായി അപമാനിച്ചതാണെന്നു പറഞ്ഞ് നഴ്സിംഗ് അസിസ്റ്റന്റായ ജീവനക്കാരന്റെ നേതൃത്വത്തിൽ 30ൽ അധികം പേർ ഒപ്പിട്ട പരാതി സൂപ്രണ്ടിന് നൽകുകയായിരുന്നു.