കോട്ടയം: കൊറോണ വൈറസ് ബാധയുടേതെന്ന് സംശയിക്കാവുന്ന ലക്ഷണങ്ങളുള്ള രണ്ടു പേരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. രണ്ടാഴ്ച്ച മുന്പ് വിദേശത്തുനിന്നെത്തിയ ഇവർ ആരോഗ്യവകുപ്പിന്റെ നിർദേശപ്രകാരം പൊതുജന സന്പർക്കമില്ലാതെ വീട്ടിൽ കഴിയുകയായിരുന്നു.
പനി, തൊണ്ടവേദന, ശ്വാസ തടസം, ജലദോഷം തുടങ്ങിയ ലക്ഷണങ്ങളുള്ളതായി ഇവർ അറിയിച്ചതിനെതുടർന്ന് ആരോഗ്യവകുപ്പ് ആംബുലൻസ് അയച്ച് മെഡിക്കൽ കോളജിൽ എത്തിച്ച് നിരീക്ഷണത്തിലാക്കുകയായിരുന്നു. ഇവരുടെ രക്ത സാന്പിളുകൾ പരിശോധനയ്ക്ക് അയച്ചു.
ജില്ലയിൽ ആർക്കും ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ല. ചൈന, ഹോങ്കോംഗ് എന്നിവിടങ്ങളിൽനിന്ന് രണ്ടാഴ്ച്ചക്കുള്ളിൽ നാട്ടിലെത്തിയ 79 പേർ ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ പാലിച്ച് വീടുകളിൽ കഴിയുന്നുണ്ട്.
രോഗലക്ഷണങ്ങൾ പ്രകടമല്ലെങ്കിലും എല്ലാ ദിവസവും ഇവരുടെ ആരോഗ്യസ്ഥിതി വകുപ്പ് വിലയിരുത്തുന്നുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗീസ് അറിയിച്ചു.
രോഗബാധിത മേഖലകളിൽനിന്നെത്തിയവർ റിപ്പോർട്ട് ചെയ്യണം
കോട്ടയം: രോഗബാധിത മേഖലകളിൽനിന്ന് ജനുവരി മുതൽ കേരളത്തിൽ എത്തിയിട്ടുള്ളവർ നിർബന്ധമായും 1056 എന്ന നന്പരിലോ 0471 2552056 എന്ന നന്പരിലോ വിളിച്ചറിയിക്കണം. രോഗ ലക്ഷണങ്ങളുള്ളവരെ കണ്ടെത്തിയാൽ ആവശ്യമായ ആശുപത്രി നിരീക്ഷണത്തോടൊപ്പം ചികിത്സയും നൽകുന്നതാണ്. പനി, തൊണ്ടവേദന, ശ്വാസ തടസം, ജലദോഷം എന്നിവയാണു കൊറോണ രോഗബാധയുടെ ലക്ഷണങ്ങൾ.
ചൈനയിൽനിന്ന് വന്നവരിൽ ഏതെങ്കിലും തരത്തിലുള്ള രോഗ ലക്ഷണങ്ങളുള്ളവർ ജില്ലാ ആശുപത്രി ഫിസിഷ്യൻ ഡോ. സിന്ധു ജി നായരെ (9447347282) ബന്ധപ്പെട്ടു നിർദേശങ്ങൾ സ്വീകരിക്കണം. ഇവർ യാതൊരു കാരണവശാലും പൊതു വാഹനങ്ങളിലോ, ടാക്സികളിലോ ആശുപത്രികളിലേക്ക് എത്തരുത്. വിവരം നൽകിയാൽ ആശുപത്രിയിൽ എത്തുന്നതിനായി ആരോഗ്യവകുപ്പ് ആംബുലൻസ് വിട്ടുനൽകും.
കൊറോണ ബാധിത മേഖലകളിൽനിന്നു പ്രത്യേകിച്ച് ചൈനയിൽനിന്ന് ജില്ലയിൽ എത്തുന്നവരുടെ വിവരങ്ങൾ 1077, 0481 2304800(24 മണിക്കൂറും) എന്നീ നന്പറുകളിൽ പൊതുജനങ്ങൾക്കോ, ആശാ, അങ്കണവാടി, കുടുംബശ്രീ പ്രവർത്തകർക്കോ, റസിഡൻസ് അസോസിയേഷനുകൾക്കോ അറിയിക്കാനാവും. ആരോഗ്യവകുപ്പ് അധികൃതർ ഇവരെ ബന്ധപ്പെട്ട് ലക്ഷണങ്ങൾ പരിശോധിച്ച് തുടർ നിർദേശങ്ങൾ നൽകും
കൊറോണ രോഗത്തെ സംബന്ധിച്ച പൊതുവായ സംശയങ്ങൾ ദൂരീകരിക്കുന്നതിന് സംസ്ഥാന തലത്തിലെ 1056 എന്ന നന്പറിന് പുറമേ ജില്ലയിൽ 0481 2304110, 9495088514 എന്നീ നന്പറുകളിലും ബന്ധപ്പെടാം.